ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച്‌ അപകടം; 7 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


മലപ്പുറം: മലപ്പുറം കോട്ടക്കല്‍ പുത്തൂരില്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുത്തൂരില്‍ അപകടമുണ്ടായത്.
ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച്‌ റോഡിന് സമീപത്തെ സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി മൂന്ന് കാറുകളിലും നാലു ബൈക്കുകളിലും ഇടിച്ചു. ലോറിയിടിച്ച്‌ കാറും റോഡരില്‍ നിന്ന് താഴേക്ക് മറിഞ്ഞു. ലോറി ബൈക്കുകളും സ്കൂട്ടറുകളും ഇടിച്ചുതെറിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.