ജയ്‌സ്വാള്‍ പുറത്ത്, കരുണ്‍-സര്‍ഫറാസ് ക്രീസില്‍; ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം
ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തിട്ടുണ്ട്.കരുണ്‍ നായര്‍ (44), സര്‍ഫറാസ് ഖാന്‍ (31) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ അഭിമന്യു മിഥുന്‍ (8), യശസ്വി ജയ്‌സ്വാള്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ അഭിമന്യു മടങ്ങി. ജോഷ് ഹള്ളിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ജയ്‌സ്വാളും പവലിയനില്‍ തിരിച്ചെത്തി. എഡ്ഡി ജാക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയിംസ് റ്യൂ ക്യാച്ചെടുത്തു. കരുണ്‍ – സര്‍ഫറാസ് സഖ്യം ഇതുവരെ 58 റണ്‍സെടുത്തിട്ടുണ്ട്.
അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണുള്ളത്. ഹര്‍ഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നര്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമിലുണ്ട്. ധ്രുവ് ജുറലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന് അവസരം ലഭിച്ചില്ല. അഭിമന്യവിനൊപ്പം, യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മലയാളി താരം കരുണ്‍ നായര്‍ മൂന്നാമനായി കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ എ: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ് നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.
ഇംഗ്ലണ്ട് ലയണ്‍സ്: ടോം ഹെയ്ന്‍സ്, ബെന്‍ മക്കിന്നി, എമിലിയോ ഗേ, മാക്സ് ഹോള്‍ഡന്‍, ജെയിംസ് റൂ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡാന്‍ മൗസ്ലി, റെഹാന്‍ അഹമ്മദ്, സമാന്‍ അക്തര്‍, എഡ്ഡി ജാക്ക്, ജോഷ് ഹള്‍, അജീത് ഡെയ്ല്‍.
മത്സരം സമയം, കാണാനുള്ള വഴികള്‍
ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് മത്സരം ആരംഭിച്ചു. ടെലിവിഷനില്‍ കാണാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ആപ്പിലും ലൈവ് സ്ട്രീമിംഗില്‍ മാത്രമാണ് മത്സരം കാണാനാകുക.