Fincat

‘ജമാഅത്തെ ഇസ്ലാമി പഴയ ആശയങ്ങള്‍ ഒഴിവാക്കിയെന്ന പ്രസ്താവന ഗൗരവതരം’; വി ഡി സതീശനെതിരെ സമസ്ത എ.പി വിഭാഗം

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സമസ്ത കാന്തപുരം വിഭാഗം. ജമാഅത്തെ ഇസ്‌ലാമി പഴയ ആശയങ്ങള്‍ ഒഴിവാക്കി എന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം ഗൗരവതരം എന്ന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. ജമാഅത്തെ ഇസ്‌ലാമി അവരുടെ ആശയം നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു എന്ന് മാത്രമേയുള്ളൂ. ആശയത്തില്‍ വ്യത്യാസമില്ല. വിഷയത്തെക്കുറിച്ച് പഠിക്കാതെയാണ് വി ഡി സതീശന്‍ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

ആശയത്തില്‍ അടിസ്ഥാനപരമായി മാറ്റം വരുത്തിയാല്‍ ആദ്യം മുസ്‌ലിം സംഘടന ആയിരിക്കും അവരെ സ്വാഗതം ചെയ്യുക. ജനാധിപത്യ സംവിധാനത്തോട് നിസ്സഹകരിക്കണമെന്ന് പറഞ്ഞവരാണ് അവര്‍ എന്നും റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് എ.പി സുന്നി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

 

ജമാഅത്തെ ഇസ്ലാമിയുമായി എല്‍ഡിഎഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നുവെന്ന് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. സിപിഐഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതര വാദികളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

 

എല്‍ഡിഎഫിന്റേത് ഇരട്ടത്താപ്പാണ്. പിഡിപിയുടെ എല്‍ഡിഎഫ് പിന്തുണയെ പറ്റി എന്താണ് സംസാരിക്കാത്തത്. മുന്‍പ് ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ ആശാവഹവും ആവേശകരവും എന്നാണ് എഴുതിയിരുന്നത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.