അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാര്‍. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാര്‍. വിമാനം പറന്നയുടന്‍ തന്നെ പൈലറ്റുമാര്‍ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നല്‍കിയിരുന്നു. എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നും തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും ചേര്‍ന്ന് 9300 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റന്‍ സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റിന് 1100 മണിക്കൂര്‍ വിമാനം പറത്തി പരിചയമുണ്ട്. 625 അടി ഉയരത്തില്‍ നിന്ന് 11 വര്‍ഷം പഴക്കമുള്ള എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നുവീണത്.
വിമാനങ്ങളും എയര്‍ ട്രാഫിക് കണ്ട്രോള് ടവറുകളും തമ്മില്‍ റേഡിയോ ആശയ വിനിമയത്തില്‍ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് ‘മേയ് ഡേ’. ജീവന് അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നില്‍ കാണുമ്പോള്‍ അക്കാര്യം കണ്ട്രോള് ടവറില്‍ അറിയിക്കാന്‍ ആഗോള തലത്തില്‍ ഉപയോഗിക്കുന്നതാണിത്. വിമാനം തകരുന്നതിന് മുന്‍പ് എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ അപായ സന്ദേശം നല്‍കിയെങ്കിലും എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നും തിരിച്ച് ബന്ധപ്പെടാന്‍ സാധിച്ചില്ല.രണ്ട് പൈലറ്റുമാരും 10 ക്യാബിന് ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉള്‍പ്പെടെ 242 പേരുണ്ടായിരുന്ന വിമാനം, പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു.