അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ, കനത്ത മഴയുള്ള ദിവസം അവധി തരാം: വൈറലായി ആലപ്പുഴ കളക്ടറുടെ പോസ്റ്റ്
മാനം കറുത്താൽ കുട്ടിക്കൂട്ടത്തിനിപ്പോൾ ആശങ്കയാണ്, അവധി കിട്ടുമോയെന്നറിയാൻ. പിന്നെ ജില്ലാ കളക്ടർമാരുടെ സാമൂഹ്യമാധ്യങ്ങളിൽ ചോദ്യങ്ങളുടെ കുത്തൊഴുക്കാണ്. ഏതെങ്കിലും ജില്ലകളിൽ അവധി പ്രഖ്യാപിച്ചാൽ ‘ഞങ്ങൾക്കില്ലേ’ എന്നാവും ചോദ്യം. ഇത്തരത്തിൽ കുട്ടികളുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്സ് വർഗീസ്.
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയതെന്ന ചോദ്യത്തോടെയായിരുന്നു കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ എന്ന് പറഞ്ഞാണ് കളക്ടർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഓരോ താലൂക്കിലെയും റവന്യു, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും കാലാവസ്ഥാ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലെ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ടെന്നും കുട്ടുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും ചെയ്യില്ലെന്നും കളക്ടർ കുറിച്ചു. കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാമെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്പ്രിയപ്പെട്ട കുട്ടികളെ,പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്…. മഴയൊക്കെ അല്ലേ…പ്രിയപ്പെട്ട മക്കൾ അവധി ചോദിക്കുന്നതിലും തെറ്റ് പറയാനാവില്ല… 🫣പക്ഷെ മാതാപിതാക്കളോ… കുട്ടികളുടെ സുരക്ഷയിൽ ആശങ്ക കാണും…നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനല്ലേ ജില്ല ഭരണകൂടം എന്നും പ്രവർത്തിക്കുക…എന്ന് കരുതി, മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോ.. പറ്റില്ല..അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്. ഇതും കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയേ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. അതുകൊണ്ട് അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ.ഉറപ്പായും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും നമ്മൾ ചെയ്യില്ല..😍കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ….