സര്‍ക്കാര്‍ ചെലവില്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് ‘പാര്‍ട്ടി ക്ലാസ്’; ക്ലാസെടുത്തത് സിപിഎം നേതാവും ഇടത് അനുകൂല മാധ്യമപ്രവര്‍ത്തകനും
തിരുവനന്തപുരം: സംസ്ഥാന പിആര്‍ഡി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി ക്ലാസ്. പബ്ലിക് റിലേഷന്‍സ് മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പിആര്‍ഡി ചെലവില്‍ നടത്തിയ ക്ലാസിലാണ് സിപിഎം നേതാവും ഇടത് അനുകൂല നിലപാടുള്ള മാധ്യമപ്രവര്‍ത്തകരും ക്ലാസെടുത്തത്. തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന ക്ലാസില്‍ സിപിഎം രാജ്യസഭാംഗവും പാര്‍ട്ടി ചാനലിന്റെ മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ്, ഇടത് അനുകൂല നിലപാടുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, മുന്‍ മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായ എംഎസ് ശ്രീകല എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്തത്.
ജോണ്‍ ബ്രിട്ടാസ് നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ ഇദ്ദേഹം പാര്‍ട്ടി ചാനലായ കൈരളി ന്യൂസിന്റെ എംഡി കൂടിയാണ്. തൃശ്ശൂരിലെ സിപിഎം നേതാവ് ടികെ വാസുവിന്റെ ഭാര്യയാണ് മുന്‍പ് മാധ്യമപ്രവര്‍ത്തകയായിരുന്ന എംഎസ് ശ്രീകല. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീകൃഷ്ണ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി എംഎസ് ശ്രീകലയ്ക്ക് ജോലി ലഭിച്ചത് വന്‍ വിവാദമായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പടക്കം വാര്‍ത്തകളുടെ ഉള്ളടക്കത്തില്‍ സിപിഎം അനുകൂല പ്രചാരണം നടത്തുന്നുവെന്ന പേരില്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരിക്കെയാണ്, റിപ്പോര്‍ട്ടര്‍ ചാനലിലെ വാര്‍ത്താ അവതാരകനായ അരുണ്‍കുമാറിനെ ക്ലാസെടുക്കാന്‍ ക്ഷണിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജില്‍ രണ്ട് ദിവസത്തെ പഠന ക്ലാസ് സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റിലെ പിആര്‍ഡി വകുപ്പില്‍ പുതുതായി ചേര്‍ന്ന ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിച്ചായിരുന്നു ക്ലാസ്. സംസ്ഥാന സര്‍ക്കാരിന്റെ പിആര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരുന്നു പഠന ക്ലാസിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ പരിപാടിയിലേക്ക് ക്ലാസെടുക്കുന്നവരെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്ന് പിആര്‍ഡി വ്യക്തമാക്കുന്നില്ല. ക്ലാസെടുക്കാന്‍ സംസ്ഥാനത്തിന് അകത്ത് നിന്നോ പുറത്ത് നിന്നോ മറ്റേതെങ്കിലും മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചോയെന്ന ചോദ്യത്തിനും വകുപ്പ് യാതൊരു മറുപടിയും നല്‍കിയില്ല.