Fincat

പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച; 30 മാര്‍ക്ക് നഷ്ടമായ വിദ്യാര്‍ത്ഥി മന്ത്രിക്ക് പരാതി നല്‍കി

പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച്ച. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുല്‍ മഹാദേവിന് 30 മാര്‍ക്ക് നഷ്ടമായി.വിദ്യാര്‍ത്ഥി ഹയര്‍സെക്കന്ററി ജോയന്റ് ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.
80 ഇല്‍ 50 മാര്‍ക്കാണ് അതുല്‍ മഹാദേവിന് ഹിന്ദി പേപ്പറില്‍ ലഭിച്ചത്. അര്‍ഹിച്ച മാര്‍ക്ക് ലഭിച്ചില്ലെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥി പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കി. കാര്യമുണ്ടായില്ല, അപ്പോഴും ലഭിച്ചത് 50 മാര്‍ക്കാണ്. ഇതിനേക്കാള്‍ മാര്‍ക്ക് തനിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള അതുല്‍ മഹാദേവവ് അപേക്ഷ നല്‍കി ഉത്തര കടലാസ് കരസ്ഥമാക്കി. വിദ്യാര്‍ത്ഥിക്ക് തെറ്റിയില്ല, കണക്ക് തെറ്റിയത് മൂല്യ നിര്‍ണ്ണയം നടത്തിയവര്‍ക്കാണെന്ന് മനസിലായി. ഉത്തര കടലാസില്‍ ആദ്യ സെഷനിലും രണ്ടാമത്തെ സെഷനിലും 30 മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ രണ്ടും കൂടെ കൂട്ടി എഴുതിയത് 50 എന്നാണ്. 30 മാര്‍ക്ക് കുറച്ചെഴുതിയത് മൂലം ബിരുദ പ്രവേശനത്തിനുള്ള റാങ്കിങ്ങില്‍ താഴെ പോയെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.