Fincat

യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്


കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയ യുവാവിന്‍റ മരണം കൊലപാതകമെന്ന് പൊലീസ്. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭർത്താവ് ഷിഹാസ് ആണെന്ന് പൊലീസ് പറയുന്നു.
പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് പെണ്‍സുഹൃത്ത് തന്നെയാണ് ആഷിക്കിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നതും. ആഷിക് വരാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ കണ്ണങ്ങാട്ട് പാലത്തിന് സമീപം എത്തിയത് എന്നും, അവിടെ എത്തിയപ്പോള്‍ ആഷിക് മരിച്ച്‌ കിടക്കുന്നതാണ് കണ്ടിരുന്നതെന്നും യുവതി ആശുപത്രി അധികൃതരോട് പറഞ്ഞു. എന്നാലിത് ആത്മഹത്യയെന്നാണ് സംശയം ഉള്ളതെന്നും പെണ്‍സുഹൃത്ത് കൂട്ടിചേർത്തു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടർന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.