‘ഛോട്ടാ മുംബൈ’ ഓളം നിലയ്ക്കുന്നില്ല; യുഎസ്‌എ റീ റിലീസ് പ്രഖ്യാപിച്ചു


മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്.പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം ആഘോഷമാക്കിയത്. ബെംഗളൂരുവിലും ചെന്നൈയിലും ചിത്രം പിന്നാലെ എത്തിയിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഫാന്‍സ് ഷോയും നടന്നു. ഇപ്പോള്‍ വിദേശ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രം എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രധാന വിദേശ മാര്‍ക്കറ്റിലെ റീ റിലീസും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. നോര്‍ത്ത് അമേരിക്കയിലേക്കാണ് ചിത്രം എത്തുന്നത്.
തെന്നിന്ത്യന്‍ സിനിമകളുടെ വിദേശ വിതരണക്കാരായ അച്ചായന്‍സ് ഫിലിം ഹൗസ് ആണ് ചിത്രം നോര്‍ത്ത് അമേരിക്കയില്‍ എത്തിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം അവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിട്ടുണ്ട്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ ഈ മാസം 27 നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.
അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ പുറത്തെത്തിയ ചിത്രമാണിത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്ബലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.