കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് ആവേശ സ്വീകരണം
കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വല വരവേല്‍പ്പ്. പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തില്‍ കനത്ത മഴയത്തും നിരവധിയാളുകള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ‘സ്‌പോര്‍ട്‌സ് ആണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സന്ദേശയാത്ര. ലഹരി വിരുദ്ധ യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് സംസ്ഥാനത്ത് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും നിരവധി പേരാണ് യാത്രയുടെ ഭാഗമായത്. 16 ലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനിലൂടെയും യാത്രയോടൊപ്പം ചേര്‍ന്നു. ലഹരിക്കെതിരെ ശക്തമായ പോരാട്ടമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതര സംസ്ഥാനത്തടക്കം ചെന്ന് ലഹരി മാഫിയയെ പിടികൂടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി നഗരത്തില്‍ നടത്തിയ മാരത്തോണ്‍ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി ഫ്ളാഗ് ഓഫ് ചെയ്തു. ടൗണ്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ 10.8 കിലോമീറ്ററായിരുന്നു. സ്വീകരണ വേദിയില്‍ നിന്നും നഗരം ചുറ്റിയുള്ള വാക്കത്തോണും നടത്തി. നഗരസഭ ചെയര്‍മാന്‍ പി ഷാജി, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി രമേശന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അഡ്വ. രഞ്ജു സുരേഷ്, കെ.സി ലേഖ, എഡിഎം എന്‍എം മെഹറലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ മനോഹരകുമാര്‍, സി സുരേഷ്, പി ഹൃഷികേഷ് കുമാര്‍, അബ്ദു നാസര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ. ശ്യാം പ്രസാദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.