‘സൂംബ നൃത്തം അടിച്ചേല്‍പ്പിക്കേണ്ട; ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ; പര്‍ദ ധരിക്കാനോ ജീന്‍സും ടോപ്പും ഇട്ടുനടക്കാനോ എല്ലാവരോടും പറയാനാകില്ല’
എറണാകുളം: സൂംബ നൃത്ത വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സൂംബ നൃത്തവുമായി ബന്ധപ്പെട്ട് വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുമ്ബോള്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യണ്ട. വ്യത്യസ്തമായ വേഷവിധാനങ്ങളും ഭാഷയുമൊക്കെയുള്ള രാജ്യമാണ് ഇന്ത്യ. ആ വ്യത്യസ്തകളാണ് രാജ്യത്തിന്റെ മനോഹാരിത.
എല്ലാവരോടും പര്‍ദ ധരിക്കാനോ ജീന്‍സും ടോപ്പും ഇട്ടുനടക്കാനോ പറയാനാകില്ല. ഇത്തരം കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് പോകരുത്. അതില്‍ നിന്നും മുതലെടുക്കാന്‍ ചിലരുണ്ട്. പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത പടര്‍ത്തുന്ന സംസ്ഥാനമായി കേരളം മാറരുത്.
പരാതി ഉണ്ടായാല്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കാന്‍ സാധിക്കണം. സുംബ ഡാന്‍സിന് എതിരല്ല. അടിച്ചേല്‍പ്പിച്ച് ആളിക്കത്തിക്കുന്നതിന് വേണ്ടി ഒന്നും ഇട്ടുകൊടുക്കരുത്. ഗവേണന്‍സ് എന്നത് ബുദ്ധിപൂര്‍വം ചെയ്യേണ്ടതാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
സൂംബ ഡാൻസ് നാട്ടില്‍ സാർവത്രികമായി നടന്നു കൊണ്ടിരിക്കുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വ്യക്തമാക്കി. സൂംബ ഡാൻസ് നാട്ടില്‍ സാർവത്രികമായി ആരോഗ്യ സംരക്ഷണത്തിന് നടന്നു കൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. അത് വിവാദമാകേണ്ട കാര്യം സത്യത്തില്‍ ഇല്ലെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം, സൂംബയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള എതിർപ്പുകള്‍ ഭൂരിപക്ഷ വർഗീയതക്ക് വളംവെക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സൂംബയില്‍ അല്‍പവസ്ത്രം ധരിക്കാൻ ആരും പറഞ്ഞിട്ടില്ല. വ്യായാമം കുട്ടികള്‍ക്ക് ശാരീരികമായ ഗുണങ്ങള്‍ക്കൊപ്പം മാനസികമായ ഉല്ലാസവും നല്‍കും. കേരളത്തിലെ 14,000 സ്കൂളുകളില്‍ 90 ശതമാനത്തിലും സൂബ നടക്കുന്നുണ്ട്.
സൂംബയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നീക്കാൻ തയാറാണ്. സ്കൂള്‍ യൂനിഫോമിലാണ് സൂംബ നടക്കുന്നത്. ഇതിനെതിരെ ഉയരുന്ന എതിർപ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണ്. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് മതസംഘടനകള്‍ സ്വീകരിക്കുന്നത്. കുട്ടികള്‍ സൂംബയില്‍ പങ്കെടുക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
നേരത്തെ, പ്രാകൃത ചിന്താഗതിക്കാരാണ് സ്കൂളുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന മന്ത്രി ആർ. ബിന്ദുവിന്‍റെ പരാമർശത്തെ പരിഹസിച്ച് കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ പറഞ്ഞു.
19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാല്‍ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്കൂളുകളില്‍ സൂംബ പരിശീലനം വേണമെന്ന നിർദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്കാരത്തിന് നിരക്കാത്തതാണെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.
സൂംബ പദ്ധതിക്കെതിരെ സമസ്ത യുവജന വിഭാഗവും രംഗത്തുവന്നിരുന്നു. കുട്ടികള്‍ സ്കൂളുകളില്‍ പഠിക്കുമ്ബോള്‍ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാകുമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചു.