വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കും; കൊല്ലത്ത് മാതൃകാ പദ്ധതി


കൊല്ലം: വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യൂനിറ്റ് ഉദ്ഘാടനം ജില്ല ആയുര്‍വേദ ആശുപത്രിമുറ്റത്ത് മന്ത്രി എം.ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തത് നിർവഹിച്ചു.സംസ്ഥാനത്താകെ വ്യാപിപ്പിക്കാവുന്ന മാതൃകാപരമായ മുന്നേറ്റമാണ് ജില്ല പഞ്ചായത്തിന്‍റേതെന്നും ക്ലസ്റ്റർ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൊബൈല്‍ സെപ്‌റ്റേജ് യൂനിറ്റ് സേവനം ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ല പഞ്ചായത്താണ് കൊല്ലമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അധ്യക്ഷനായി. 95 ലക്ഷം രൂപ ചെലവഴിച്ച്‌ വാങ്ങിയ രണ്ട് യൂനിറ്റുകള്‍ പൊതുജനങ്ങള്‍ക്ക് നിശ്ചിത തുക അടച്ച്‌ ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും ആവശ്യാനുസൃതം ഒരു മൊബൈല്‍ സെപ്റ്റേജ് യൂനിറ്റുക്കൂടി നിരത്തിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ ഒന്നു മുതല്‍ പ്രവർത്തനമാരംഭിക്കും. സേവന നിരക്കും മറ്റു മാനദണ്ഡങ്ങളും ജില്ല പഞ്ചായത്ത് ഉടൻ പുറത്തുവിടും. വിശദവിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8943198777 എന്ന നമ്ബറില്‍ ബന്ധപ്പെടാം.

ജില്ല കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സെക്രട്ടറി ടി.കെ.സയൂജ, അംഗങ്ങളായ നജീബത്ത്, വസന്ത രമേശ്, സി. ബാള്‍ഡുവിൻ, ബ്രിജേഷ് എബ്രഹാം, അഡ്വ. സി.പി സുധീഷ് കുമാര്‍, പ്രിജി ശശിധരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ എസ്. സുബോധ്, ജില്ല ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ. ഷെര്‍ളി എന്നിവര്‍ പങ്കെടുത്തു.