Fincat

ഇസ്രയേല്‍ ആക്രമണം: കൊല്ലപ്പെട്ട സൈനിക കമാൻഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും ദേശീയ ബഹുമതികളോടെ വിട നല്‍കി ഇറാൻ


തെഹ്റാൻ: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ശവസംസ്കാര ചടങ്ങില്‍ അണിനിരന്ന് പതിനായിരങ്ങള്‍.ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ നടന്ന ശവസംസ്കാര ചടങ്ങുകളില്‍ തെരുവുകള്‍ ജനസാഗരമായതിൻ്റെ ദൃശ്യങ്ങള്‍ ഇറാൻ്റെ ദേശീയ മാധ്യമം സംപ്രേക്ഷണം ചെയ്തു. ശനിയാഴ്ച രാവിലെ പ്രദേശിക സമയം എട്ട് മണിക്ക് ആരംഭിച്ച ചടങ്ങില്‍ കറുത്ത വസ്ത്രം ധരിച്ചാണ് പതിനായിരക്കണക്കിന് വരുന്ന ഇറാനിയൻ പൗരന്മാർ അണിനിരന്നത്. ഇറാനിയൻ പതാക വീശിയും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ വീശിയുമാണ് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്.

മധ്യ ടെഹ്‌റാനില്‍ നടന്ന ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളില്‍ ഇറാനിയൻ പതാകകളില്‍ പൊതിഞ്ഞ ശവപ്പെട്ടികളും മരിച്ച കമാൻഡർമാരുടെ യൂണിഫോമിലുള്ള ഛായാചിത്രങ്ങളും ഉണ്ടായിരുന്നു. ഗാർഡിന്റെ ചീഫ് ജനറല്‍ ഹൊസൈൻ സലാമി, ഗാർഡിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ തലവൻ ജനറല്‍ അമീർ അലി ഹാജിസാദെ അടക്കമുള്ളവരുടെ ശവപ്പെട്ടികള്‍ തലസ്ഥാനത്തെ ആസാദി സ്ട്രീറ്റിലൂടെ ട്രക്കുകളില്‍ കൊണ്ടുപോകുമ്ബോള്‍ “അമേരിക്കയ്ക്ക് മരണം”, “ഇസ്രായേലിന് മരണം” എന്ന് ജനക്കൂട്ടം രോഷത്തോടെ മുദ്രാവാക്യം മുഴക്കിയെന്നാണ് അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൻ്റെ ആദ്യദിവസമാണ് സലാമിയും ഹാജിസാദെയും കൊല്ലപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകള്‍. ഇറാന്റെ റെവല്യൂഷണറി ഗാർഡിലെ മേജർ ജനറലായ മുഹമ്മദ് ബാഗേരി, ഉന്നത ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി എന്നിവരും ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

1 st paragraph

ഇസ്രയേലിൻ്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നത കമാൻഡർമാരുടെ അടക്കം ആദ്യ പൊതു ശവസംസ്കാര ചടങ്ങുകളായിരുന്നു ശനിയാഴ്ച തെഹ്റാനില്‍ നടന്നത്. ചടങ്ങില്‍ 16 ശാസ്ത്രജ്ഞർ, 10 മുതിർന്ന കമാൻഡർമാർ, നാല് സ്ത്രീകള്‍, നാല് കുട്ടികള്‍ എന്നിവരുള്‍പ്പെടെ ആകെ 60 പേരുടെ പൊതു സംസ്കാര ചടങ്ങുകളാണ് നടന്നതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് ടി വി റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിനെ തുടർന്ന് ടെഹ്‌റാനിലെ ആസാദി സ്‌ക്വയറില്‍ കൂട്ട പ്രാർത്ഥനകള്‍ നടന്നു. ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി, ഖമേനിയുടെ മകൻ മോജ്തബ എന്നിവരുള്‍പ്പെടെയുള്ള ഇറാൻ്റെ പ്രധാനനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അധികൃതർ സർക്കാർ ഓഫീസുകള്‍ അടക്കം അടച്ചിരുന്നു.

ജൂണ്‍ 13നായിരുന്നു ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിക്കുന്നത്. പിന്നാലെ ഇറാനും തിരിച്ചടിച്ചിരുന്നു. തുടർന്ന് 12 ദിവസത്തോളം നീണ്ടുനിന്ന തുറന്ന യുദ്ധത്തില്‍ അമേരിക്കയും പങ്കാളികളായിരുന്നു. ഇറാനിലെ മൂന്ന് ആണവനിലയങ്ങളില്‍ അമേരിക്കയുടെ ബി2 ബോംബർ വിമാനങ്ങള്‍ ബങ്കർ ബസ്റ്റർ ബോംബുകള്‍ വർഷിച്ചിരുന്നു. ഇതിന് പിന്നാലെ ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദെയ്ദ് സൈനിക താവളത്തിനും ഇറാഖിലെ സൈനിക താവളത്തിനും എതിരെ ഇറാൻ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂണ്‍ 24ന് ഖത്തറും അമേരിക്കയും മുൻകൈ എടുത്ത് ഇറാൻ-ഇസ്രയേല്‍ സംഘർഷങ്ങളില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചത്.

2nd paragraph

12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രായേലും ഇറാനും വിജയം അവകാശപ്പെട്ടിരുന്നു. ഇറാൻ്റെ ആണവ പദ്ധതികള്‍ തകർത്തു എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും അവകാശവാദം. എന്നാല്‍ ഇസ്രയേലിൻ്റെയും അമേരിക്കയുടെയും അവകാശവാദങ്ങളെ ഇറാൻ തള്ളിയിരുന്നു. ട്രംപ് അസാധാരണമായ രീതിയില്‍ സംഭവങ്ങളെ അതിശയോക്തിപരമായി അവതരിപ്പിച്ചു എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി പിന്നോട്ട് പോയെന്ന അമേരിക്കൻ അവകാശവാദങ്ങളും ഇറാൻ നിഷേധിച്ചിരുന്നു.