“റിയലി സോറി, സാമ്ബത്തിക പ്രയാസം മൂലമാണ് നിന്നെ ഉപേക്ഷിക്കുന്നത്” കുറിപ്പെഴുതി റോഡരികില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ മാതാപിതാക്കള്‍


മുംബൈ: മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റില്‍ ഒരു കുറിപ്പുമുണ്ടായിരുന്നു.’റിയലി സോറി, സാമ്ബത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം.’ ഇതായിരുന്നു കുഞ്ഞ് കിടന്ന കൊട്ടയില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ ഉണ്ടായിരുന്നത്. നീല ബാസ്കകറ്റിലാണ് കുട്ടിയെ കിടത്തിയിരുന്നത്.

നവി മുബൈ പ്രദേശത്ത് പൻവേലിലെ ടാക്ക കോളനിയിലെ റോഡരികിലാണ് ഉപേക്ഷിച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്ബത്തികാവസ്ഥയില്ലെന്നും മറ്റ് മാർഗമില്ലാത്തതിനാലാണ് ഉപേക്ഷിക്കുന്നതെന്നും മാതാപിതാക്കളുടെ ഇംഗ്ലീഷിലെഴുതിയ കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു.

കുഞ്ഞിനെ ഉടനെ ശിശുരോഗവിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.