‘ഉപകരണക്ഷാമമുണ്ട്, ഭയം കാരണം വകുപ്പ് മേധാവികള്‍ പുറത്തുപറയില്ല’; ആരോപണത്തില്‍ ഉറച്ച്‌ ഡോ. ഹാരിസ് ചിറക്കല്‍


തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച്‌ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍.ഉപകരണക്ഷാമത്തെക്കുറിച്ച്‌ എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികള്‍ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ സെക്രട്ടറിയെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും ഡോ. ഹാരിസ് ആരോപിക്കുന്നു.

എല്ലാ വകുപ്പുകളിലും ഉപകാരണക്ഷാമം ഉണ്ടെന്നാണ് ഡോ. ഹാരിസ് പറയുന്നത്. വിവാദമുണ്ടാക്കണമെന്ന് കരുതിയല്ല താൻ പോസ്റ്റിട്ടത്. തുറന്നുപറയാൻ തനിക്കും ഭയമുണ്ടായിരുന്നു. തുടർന്ന് ഉപകരണങ്ങള്‍ വാങ്ങിയ ശേഷം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യാൻ കഴിയുമെന്നും ഡോ. ഹാരിസ് ചോദിച്ചു. പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹവും മുന്നോട്ടുവെച്ചു. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച്‌ ഡോ. ഹാരിസ് ചിറക്കല്‍ ഉയർത്തിയ ആരോപണങ്ങള്‍ വലിയ ചർച്ചയായിരുന്നു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുൻപില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറഞ്ഞിരുന്നു.

എന്നാല്‍ ഡോക്ടറിന്‍റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താൻ വേണ്ടി പോസ്റ്റിട്ടതാകാമെന്നുമായിരുന്നു ഡിഎംഇ പ്രതികരിച്ചത്. ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംഭവത്തില്‍ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.