‘എന്റെ പേര് ശിവൻകുട്ടി, സെൻസര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തില്‍ ട്രോളി മന്ത്രി


തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിക്ക് സിനിമയുടെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.‘എന്റെ പേര് ശിവന്‍കുട്ടി, സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..’ എന്ന പരിഹാസരൂപേണയുള്ള പോസ്റ്റാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള യാതൊന്നും പറയാതെ പരോക്ഷമായായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം.
ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ചിത്രത്തിന്റെ തലക്കെട്ടിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നല്‍കുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം.
ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 27 ലെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ എത്തിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് വിവിധ സിനിമാ സംഘടനകള്‍ പ്രതിഷേധം നടത്തി.