കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം

തൃശൂര്‍:പന്നിത്തടത്ത് കെ.എസ് .ആര്‍ .ടി. സി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. ബസിലെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവന്‍ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റേയും മീന്‍ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം.അടുത്തിടെ റോഡ് പണി കഴിഞ്ഞതിനാല്‍ ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് അമിത വേഗതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നത്. ജൂണ്‍ അവസാന വാരം രണ്ട് കാറുകളും ഒരു ബൈക്കും ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.