റോയല്‍ എൻഫീല്‍ഡ് സ്ക്രാം 440 തിരിച്ചെത്തി; ബുക്കിംഗ് ആരംഭിച്ചു


2025 ജനുവരിയിലാണ് റോയല്‍ എൻഫീല്‍ഡ് സ്‌ക്രാം 440 ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കിയത്. ഉപഭോക്താക്കള്‍ ഈ മോട്ടോർസൈക്കിള്‍ ബുക്ക് ചെയ്യാനും തുടങ്ങി.എന്നാല്‍ ചില മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ മോട്ടോർസൈക്കിളിനെ ബാധിച്ചതായി റിപ്പോർട്ടുകള്‍ വന്നു. ഇതോടെ കുറച്ച്‌ മാസങ്ങളായി ബുക്കിംഗ് താല്‍ക്കാലികമായി നിർത്തിയിരുന്നു. ഇപ്പോള്‍, സ്‌ക്രാം 440 ന്റെ ബുക്കിംഗുകളും വില്‍പ്പനയും കമ്ബനി വീണ്ടും ആരംഭിച്ചു.

എഞ്ചിന്റെ മാഗ്നെറ്റോ കവറില്‍ സ്ഥിതി ചെയ്യുന്നതും ബൈക്കിന്റെ ഇഗ്നിഷൻ സിസ്റ്റത്തിന്റെ ഭാഗമായതുമായ വുഡ്രഫ് കീയില്‍ ആയിരുന്നു പ്രശ്‍നം കണ്ടെത്തിയത്. ഇക്കാരണത്താല്‍ ചിലപ്പോള്‍ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചില്ല. പ്രത്യേകിച്ച്‌ എഞ്ചിൻ ഓഫ് ചെയ്ത ശേഷം റീസ്റ്റാർട്ട് ചെയ്യുമ്ബോള്‍ ആണ് ഈ പ്രശ്‍നം കൂടുതലായും ബാധിച്ചത്. റോയല്‍ എൻഫീല്‍ഡ് ഉടൻ തന്നെ പ്രശ്‍നം കണ്ടെത്തുകയും സാങ്കേതിക മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നതിനായി വില്‍പ്പന താല്‍ക്കാലികമായി നിർത്തിവയ്‍ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ മോട്ടോർസൈക്കളിലെ എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചതായും സ്‌ക്രാം 440 വീണ്ടും വിപണിയില്‍ ലഭ്യമാക്കിയതായും കമ്ബനി സ്ഥിരീകരിച്ചു. അതേസമയം ബൈക്കിന്റെ ലഭ്യത ഇപ്പോഴും പരിമിതമാണ്. പക്ഷേ ഡെലിവറി മികച്ചതാക്കാൻ റോയല്‍ എൻഫീല്‍ഡ് പതുക്കെ ഉത്പാദനം വർധിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.

ഈ മോട്ടോർസൈക്കിളിന്‍റെ പ്രത്യേകതകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്ക്രാം 411 നെ അനുസ്‍മരിപ്പിക്കുന്ന ഒരു ഡിസൈൻ ഇതില്‍ ലഭിക്കുന്നു. ബൈക്കിന്റെ നിയോ-റെട്രോ ആകർഷണത്തിന് പ്രാധാന്യം നല്‍കുന്ന ഒരു വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്ബ് ഇതില്‍ പ്രദർശിപ്പിച്ചിരിക്കുന്നു. റോയല്‍ എൻഫീല്‍ഡ് ലോഗോ അതിന്റെ വശത്ത് ലഭിക്കുന്ന ഒരു ബോക്‌സി ഇന്ധന ടാങ്ക് ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ചേസിസും സിംഗിള്‍-പീസ് സീറ്റും ഉപയോഗിച്ച്‌ മൊത്തത്തിലുള്ള ലുക്ക് പൂർത്തിയാക്കിയിരിക്കുന്നു. ഫോഴ്‌സ് വേരിയന്റില്‍ അലോയ് വീലുകള്‍ക്കുള്ള ഓപ്ഷനോടൊപ്പം 19/17 ഇഞ്ച് സ്‌പോക്ക് വീലുകളും റോയല്‍ എൻഫീല്‍ഡ് നല്‍കുന്നു. ട്രെയില്‍ ഗ്രീൻ, ട്രെയില്‍ ബ്ലൂ, ഫോഴ്‌സ് ടീല്‍, ഫോഴ്‌സ് ഗ്രേ, ഫോഴ്‌സ് ബ്ലൂ തുടങ്ങിയ കളർ ഓപ്ഷനുകളും ബൈക്കിന്റെ സൗന്ദര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

ഹാഫ്-ഡ്യൂപ്ലെക്സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമില്‍ നിർമ്മിച്ചിരിക്കുന്ന ഈ മോട്ടോർസൈക്കിളില്‍ സസ്പെൻഷനായി 41 എംഎം ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നില്‍ മോണോ-ഷോക്ക്, ലിങ്കേജ് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് ബ്രേക്കിംഗ് സിസ്റ്റത്തില്‍ രണ്ട് പിസ്റ്റണ്‍ ഫ്ലോട്ടിംഗ് കാലിപ്പറുമായി ജോടിയാക്കിയ 300 എംഎം ഡിസ്‍ക് ഉപയോഗിക്കുന്നു. പിൻ ബ്രേക്കിംഗ് സിസ്റ്റത്തില്‍ സിംഗിള്‍-പിസ്റ്റണ്‍ ഫ്ലോട്ടിംഗ് കാലിപ്പർ പിന്തുണയ്ക്കുന്ന 240 എംഎം ഡിസ്‍ക് ഉള്‍പ്പെടുന്നു. മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യയുടെ ഭാഗമായി, മോട്ടോർസൈക്കിളില്‍ ഒരു ഡിജിറ്റല്‍-അനലോഗ് ഡിസ്പ്ലേയും ലഭിക്കുന്നു.

443 സിസി സിംഗിള്‍ സിലിണ്ടർ എയർ-കൂള്‍ഡ് എഞ്ചിനാണ് റോയല്‍ എൻഫീല്‍ഡ് സ്‌ക്രാം 440 ന് കരുത്തേകുന്നത്. ഈ എഞ്ചിൻ 6,250 rpm-ല്‍ 25 bhp പവറും 4,000 rpm-ല്‍ 34 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു. ഉത്പാദിപ്പിക്കുന്ന പവർ വെറ്റ് മള്‍ട്ടി-പ്ലേറ്റ് ക്ലച്ച്‌ ഫീച്ചർ ചെയ്യുന്ന ആറ് സ്പീഡ് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിലേക്ക് എത്തിക്കുന്നു. ഈ മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂംവില 2.08 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.