നിപ: മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; രോഗിയുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും നിപ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്ബിളുകള്‍ അയക്കുകയായിരുന്നു. ഇതില്‍ പാലക്കാട് സ്വദേശിനിയുടെ സ്രവ സാമ്ബിള്‍ നില പോസിറ്റീവ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയുടെ സ്രവ സാമ്ബിള്‍ പരിശോധന ഫലം വന്നിട്ടില്ല. സ്ഥിരീകരണം വരുന്നതിന് മുമ്ബ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച്‌ പ്രതിരോധ നടപടികള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.

26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. പൊലീസിന്റെ കൂടി സഹായത്തോടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്‌ട് ട്രേസിംഗ് നടത്തണമെന്നും ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.

നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുമായി സമ്ബര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.