‘കെട്ടിടത്തിനടിയില്‍ അവള്‍ വേദനകൊണ്ട് പിടയുമ്പോള്‍ ഞാന്‍ അവളെത്തേടി പരക്കം പായുകയായിരുന്നു, ഈ അവസ്ഥ ആര്‍ക്കും വരരുത്’; ബിന്ദുവിന്റെ ഭര്‍ത്താവ്

ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത് ഉപയോഗശൂന്യമായ കെട്ടിടത്തിലെന്ന അധികൃതരുടേയും മന്ത്രിമാരുടേയും വാദം പൂര്‍ണമായി തള്ളി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. എല്ലാ സമയത്തും ആളുകളുള്ള വാര്‍ഡായിരുന്നു അതെന്നും 15 ബെഡെങ്കിലും കുറഞ്ഞത് വാര്‍ഡിലുണ്ടായിരുന്നുവെന്നും വിശ്രുതന്‍ പറഞ്ഞു. മുന്‍പും അതേ ശുചിമുറി തന്റെ ഭാര്യയും മകളും ഉപയോഗിച്ചിരുന്നതാണ്. സ്ഥിരമായി ഡോക്ടര്‍മാര്‍ റൗണ്ട്സിന് വരുന്ന വാര്‍ഡാണ്. ചവറുകള്‍ കൂട്ടിയിടുന്ന ഉപയോഗിക്കാത്ത കെട്ടിടമെന്ന് പറഞ്ഞ് ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നതെന്ന് വിശ്രുതന്‍ ചോദിച്ചു.

ബിന്ദുവിന്റെ മരണശേഷം സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആശ്വാസവാക്കുമായി ആരും തന്നെ സമീപിച്ചിരുന്നില്ലെന്ന് വിശ്രുതന്‍ പറഞ്ഞു. സികെ ആശ എംഎല്‍എയും ചാണ്ടി ഉമ്മന്‍ എംഎല്‍എയും സംസാരിച്ചു. മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കേട്ടെങ്കിലും തന്നെ വന്ന് കണ്ടില്ലെന്നും താന്‍ ആ സമയത്ത് അത് ആലോചിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷേ മനുഷ്യത്വമുണ്ടെങ്കില്‍ ആ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം. രണ്ട് ദിവസം കഴിയുമ്പോള്‍ ഇത് തേച്ചുമാച്ച് കളയരുത്. ബിന്ദുവിനെ രക്ഷിക്കുന്നതില്‍ അനാസ്ഥയുണ്ടായി. വണ്ടിയെത്തിക്കാന്‍ ഉള്‍പ്പെടെ വൈകി. അവള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ വേദന സഹിച്ച് കിടക്കുമ്പോള്‍ താന്‍ പുറത്ത് ഭാര്യയെ തിരഞ്ഞ് പരക്കം പായുകയായിരുന്നുവെന്നും വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ വലിയ ധനസ്ഥിതിയുള്ള ആളുകളല്ലെന്നും ഈ അവസ്ഥ മറ്റാര്‍ക്കും വരരുതെന്നാണ് പ്രാര്‍ഥനയെന്നും വിശ്രുതന്‍ പറഞ്ഞു. വീട് നോക്കിയിരുന്നത് ബിന്ദുവാണ്. ‘അവളാണ് മക്കളെ പഠിപ്പിച്ചത്. ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത് അവളാണ്. ആദ്യ ശമ്പളം കിട്ടിയെന്ന് പറയാന്‍ മകന്‍ വിളിച്ചപ്പോള്‍ അമ്മയുടെ കൈയില്‍ കൊടുക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്’. തേങ്ങലോടെ വിശ്രുതന്‍ പറഞ്ഞു. മകളുടെ ചികിത്സ നടത്തുമെന്ന് ജനപ്രതിനിധികള്‍ വാക്കുനല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.