ഓരോ സ്‌ക്രൂ പോലും സുരക്ഷാ കോഡ് ചെയ്യും; എഫ്-35 വിമാനം പൊളിക്കുക പ്രത്യേക പരിശീലനം നേടിയ എഞ്ചിനീയര്‍മാര്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നേവിയുടെ എഫ്-35 യുദ്ധ വിമാനം പൊളിക്കുക വിമാനം നിര്‍മിച്ച അമേരിക്കന്‍ കമ്ബനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്ബനിയുടെ പരിശീലനം നേടിയ എഞ്ചിനീയര്‍മാര്‍.ഇവര്‍ക്ക് മാത്രമേ വിമാനം പൊളിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി എഞ്ചിനീയര്‍ സംഘം ഉടന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടാകും. ഇവരുടെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും വിമാനം പൊളിക്കുക എന്നാണ് വിവരം. പൊളിക്കുന്ന നടപടിയുടെ ഓരോ ഘട്ടവും പ്രത്യേകം രേഖപ്പെടുത്തും.
സൈനിക ചരക്കുവിമാനമായ ഗ്ലോബ് മാസ്റ്ററിലായിരിക്കും വിമാനത്തിന്റെ ഭാഗങ്ങള്‍ കൊണ്ടുപോകുക എന്ന് വിവരമുണ്ടായിരുന്നു. ഇതിനായി ഗ്ലോബ് മാസ്റ്ററും തിരുവനന്തപുരത്ത് എത്തും. അതീവ സുരക്ഷാവലയത്തിലായിരിക്കും വിമാനഭാഗങ്ങള്‍ പൊളിക്കുകയെന്നാണ് വിവരം. ഡേറ്റാ ചോര്‍ച്ചയുടെ സാധ്യത കുറയ്ക്കുന്നതിനായി ഓരോ സ്‌ക്രൂ പോലും സുരക്ഷാ കോഡ് ചെയ്യണം. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ചോര്‍ന്നാല്‍ അത് യുദ്ധ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും നയതന്ത്രപരവും സൈനികവുമായ നടപടികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ അത് സംരക്ഷിച്ചുകൊണ്ടായിരിക്കും ബ്രിട്ടീഷ് സൈന്യത്തിന്റെ നടപടി. ഇതിന് മുന്‍പ് 2019 മെയിലാണ് ഒരു എഫ്-35 വിമാനം ചിറകുകള്‍ അഴിച്ചുമാറ്റി വ്യോമമാര്‍ഗം കൊണ്ടുപോകുന്നത്. ഫ്‌ളോറിഡയിലെ എഗ്ലിന്‍ എയര്‍ഫോഴ്സ് ബേസില്‍ നിന്ന് ഒരു സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലായിരുന്നു ഇത് കയറ്റി അയച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്‌എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്ബര്‍ ബേയില്‍ സിഐഎസ്‌എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനം.