മുഹറം 10 ന് അവധി നിഷേധിച്ചത് പ്രതിഷേധാർഹം: കുറുക്കോളി മൊയ്തീൻ എം.എൽ.എ
എല്ലാ വർഷവും മുഹറം 10 ന് നൽകി വരുന്ന അവധി നിഷേധിച്ചത് പ്രതിഷേധാർഹം ആണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം 1 ഒന്നായി കണക്കാക്കിയിട്ടുള്ളത് 2025 ജൂൺ 27 ആണ്.എന്നാൽ ചന്ദ്രപിറവിയുടെ അടിസ്ഥാനത്തിൽ മാസാരംഭം നിശ്ചയിച്ചപ്പോൾ ഹിജ്റ വർഷം 1447 മുഹറം 1 ആയി വന്നിട്ടുള്ളത് 2025 ജൂൺ 28 ആണ്. അത് കൊണ്ട് ഇസ്ലാം മത വിശ്വാസികൾ പ്രാധാന്യം കൽപ്പിക്കുന്ന മുഹറം 10 വരുന്നത് 2025 ജൂലൈ 7 തിങ്കളാഴ്ചയാണ്.ആയതിനാൽ പ്രസ്തുത ദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. അത് പരിഗണിക്കാത്തത് ഖേദകരമാണ്. പൊതു അവധി നൽകാൻ കഴിയില്ലെങ്കിൽ നിയന്ത്രിത അവധി നൽകാമായിരുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി നൽകി പകരം ശനിയാഴ്ച പ്രവൃത്തി ദിനം ആക്കാമായിരുന്നു.ഈ സാഹചര്യങ്ങൾ ഒന്നും പരിഗണിക്കാതെ അവധി നിഷേധിച്ചത് ശരിയായില്ല എന്നും എം.എൽ.എ കൂട്ടിച്ചേർത്തു.