Fincat

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തിന് മുന്നില്‍ വിറച്ച് ഇംഗ്ലണ്ട്

ബര്‍മിംഗ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വിറച്ച് ഇംഗ്ലണ്ട്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ക്രീസ് വിട്ടത്. 24 റണ്‍സോടെ ഒല്ലി പോപ്പും 15 റണ്‍സോടെ ഹാരി ബ്രൂക്കും ക്രീസില്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. ഏഴ് വിക്കറ്റും ഒരു ദിവസവും കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 536 റണ്‍സ് കൂടി വേണം.

 

ഇന്ത്യയുടെ ഹിമാലയന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിതെറ്റിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഓപ്പണര്‍ സാക് ക്രോളിയെ പോയന്‍റില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ സായ് സുദര്‍ശന്‍റെ കൈകളിലെത്തിച്ചു. ആദ്യ തിരിച്ചടിയുടെ ഞെട്ടല്‍ പുറത്തുകാട്ടാതെ ബെന്‍ ഡക്കറ്റ് മുഹമ്മദ് സിറാജിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി ബാസ് ബോള്‍ കളിക്കാന്‍ തുടങ്ങി. എന്നാല്‍ റിവ്യൂവില്‍ രക്ഷപ്പെട്ട ഡക്കറ്റിനെ 15 പന്തില്‍ 25 റണ്‍സെടുത്തു നില്‍ക്ക് ആകാശ് ദീപ് ബൗള്‍ഡാക്കി. ഇന്ത്യക്ക് എക്കാലത്തും വലിയ ഭീഷണിയായ ജോ റൂട്ടിന്‍റെ(6)പ്രൈസ് വിക്കറ്റ് കൂടി നേടിയ ആകാശ് ദീപ് കളി പൂര്‍ണമായും ഇന്ത്യയുടെ കൈകളിലാക്കി. ആകാശ് ദീപിന്‍റെ പന്തില്‍ ജോ റൂട്ട് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ദിനം അവസാന ഓവറുകള്‍ അതിജീവിച്ച ഒല്ലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ നാലാം ദിനം പൂര്‍ത്തിയാക്കി.