വയനാട് സ്വദേശി ഇസ്രയേലില്‍ മരിച്ച നിലയില്‍; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം
കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം.
ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)