ആറന്മുള പദ്ധതി; ‘ഐടി വകുപ്പ് കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടില്ല; നിയമപരമായി സാധ്യമായത് മാത്രമേ നടക്കൂ’; മന്ത്രി കെ രാജൻ
ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയില്‍ ഐടി വകുപ്പ്, കളക്ടർക്ക് കത്ത് നല്‍കിയ നടപടി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി കെ രാജൻ.
ആരില്‍ നിന്ന് അഭിപ്രായം തേടിയാലും നിയമപരമായി സാധ്യമായത് മാത്രമേ നടക്കൂ. റവന്യൂ വകുപ്പ് നേരത്തെ തന്നെ അഭിപ്രായം രേഖപ്പെടുത്തിയതാണെന്നും കെ രാജൻ പറഞ്ഞു.
ഐടി സെക്രട്ടറി പ്രത്യേകമായി അഭിപ്രായം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം നിലവിലെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ എടുക്കൂവെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. സ്വകാര്യ കമ്ബനിയുടെ ഇലക്‌ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കായാണ് ഐടി വകുപ്പ് നീക്കം. പദ്ധതിയുടെ സാധ്യതകള്‍ തേടിയാണ് വീണ്ടും പത്തനംതിട്ട കളക്ടർക്ക് ഐ.ടി സ്പെഷ്യല്‍ സെക്രട്ടറി കത്ത് നല്‍കിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞമാസം പത്തിനായിരുന്നു ചീഫ് സെക്രട്ടറിതലയോഗം.യോഗത്തില്‍ ഐടി, റവന്യു, കൃഷി, നിയമ, പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു. പദ്ധതി പ്രദേശം 90% വും നിലമാണെന്നും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്നതാണെന്നുമുള്ള കൃഷിവകുപ്പിന്റെ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് പദ്ധതി നിർദ്ദേശം നിരാകരിക്കാൻ ആയിരുന്നു യോഗ തീരുമാനം. ഒപ്പം ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നികത്തിയ ഭൂമി പൂർവസ്ഥിതിയില്‍ ആക്കാനും തീരുമാനിച്ചു.
ഇത്തരം പദ്ധതി നിർദ്ദേശങ്ങള്‍ സമർപ്പിക്കുന്നതിന് മുമ്ബ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി നിർദ്ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ടോഫല്‍ നല്‍കിയ പദ്ധതി അതേപടി വിട്ടു കളയാൻ ഐ.ടി വകുപ്പ് തയ്യാറല്ല. വീണ്ടും പത്തനംതിട്ട കളക്ടറില്‍ നിന്നും ഈ മാസം രണ്ടിന് ഐ.ടി സ്പെഷ്യല്‍ സെക്രട്ടറി റിപ്പോർട്ട് തേടി. പദ്ധതി പ്രദേശത്തിന്റെ വിവിധ വിവരങ്ങള്‍ക്കൊപ്പം പദ്ധതി നിർദ്ദേശങ്ങളും കളക്ടറോട് പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.