എ.ഐ ആര്‍ട്ട് ടൂറുമായി ഖത്തര്‍ മ്യൂസിയം
ദോഹ: ഖത്തിലെ മ്യൂസിയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ചരിത്രസ്ഥലങ്ങള്‍ എന്നിവ എ.ഐ ആര്‍ട്ട് ടൂറിലൂടെ സന്ദര്‍ശകര്‍ക്ക് ഇനി ആസ്വദിക്കാം. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്യുഎം എഐ ആര്‍ട്ട് ടൂര്‍ എന്ന പുതിയ ഡിജിറ്റല്‍ എക്‌സ്പീരിയന്‍സ് അവതരിപ്പിച്ചിരിക്കുകയാണ് ഖത്തര്‍ മ്യൂസിയംസ്. സന്ദര്‍ശകര്‍ക്ക് വ്യക്തിഗത മാര്‍ഗരേഖ നല്‍കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഈ സംരംഭം ഖത്തറിന്റെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പൈതൃകം കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും ലക്ഷ്യമിടുന്നു.
സന്ദര്‍ശകര്‍ ആദ്യം ‘എഐ ആര്‍ട്ട് സ്‌പെഷ്യലിസ്റ്റ്’ എന്നറിയപ്പെടുന്ന എഐ ഗൈഡുമായി തങ്ങളുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കുന്നു. പിന്നീട്, ഈ നിര്‍ദേശങ്ങളെ അടിസ്ഥനമാക്കി എ.ഐ ഒരു വ്യക്തിഗത മാര്‍ഗരേഖ ഒരുക്കും. ഇങ്ങനെ, ദോഹയിലുടനീളമുള്ള മ്യൂസിയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ചരിത്രസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ യാത്രാപാത എ.ഐ ഒരുക്കുന്നു.
യാത്രയിലുടനീളം, എഐ ആര്‍ട്ട് സ്‌പെഷ്യലിസ്റ്റ് സന്ദര്‍ശകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ആവശ്യമായ വിശദീകരണങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിലൂടെ യാത്ര സംവേദനാത്മക അനുഭവമായി സന്ദര്‍ശകന് അനുഭവപ്പെടുന്നു. ഖത്തറിലെ കലാ-സാംസ്‌കാരിക -ചരി?ത്ര പാരമ്പര്യം കണ്ടെത്താനും അനുഭവിക്കാനും തദ്ദേശീയ, അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഇതിലൂടെ അവസരമൊരുക്കുന്നു.
കല, ചരിത്രം, സംസ്‌കാരം എന്നിവയിലേക്ക് ആളുകളെ വിദഗ്ദ്ധവും വ്യക്തിഗതവുമായ രീതിയില്‍ അടുപ്പിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പുകൂടിയാണ് എഐ ആര്‍ട്ട് ടൂര്‍.