Fincat

സ്റ്റാര്‍ ബോയ്, ഗില്ലിന്റെ ഇന്നിങ്സിന് ‘ആയിരം’ ഓറ!

162 പന്തില്‍ 161, ഷോയിബ് ബഷീറിന്റെ കൈകളില്‍ ഭദ്രമായി ഡ്യൂക്‌സ് ബോള്‍ വിശ്രമിക്കുമ്ബോള്‍ അവിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂ‍ര്‍വ അധ്യായം പൂ‍ര്‍ത്തിയാവുകയായിരുന്നു.പവലിയനിലേക്ക് ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗില്‍ മടങ്ങുകയാണ്. അഭിനന്ദിക്കാനായി വിക്കറ്റ് കീപ്പിങ് ഗ്ലൗ കൈയില്‍ നിന്നൂരി ജേമി സ്മിത്ത് കാത്തിരുന്നു, ഹാരി ബ്രൂക്ക് ഫീല്‍ഡിങ് പൊസിഷനില്‍ നിന്ന് ഓടിയെത്തി, ഒപ്പം ഇംഗ്ലണ്ട് നായകൻ സ്റ്റോക്ക്‌സും…എംആ‍ര്‍എഫ് ബാറ്റ് ഒരിക്കല്‍ക്കൂടി എഡ്ബാസ്റ്റണിന്റെ കയ്യടികള്‍ ഏറ്റുവാങ്ങി..

ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് ടെസ്റ്റ് ക്രിക്കറ്റിന്. 1877ല്‍ ഇംഗ്ലണ്ടിനെതിരെ ചാള്‍സ് ബാന‍‍ര്‍മാനാണ് ആദ്യമായി ഒരു സെഞ്ച്വറി നേടുന്നത്. മൂന്നക്കപ്പട്ടികയിലേക്ക് പിന്നീട് പല ഇതിഹാസങ്ങളും ബാറ്റുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഒരു ഇന്നിങ്സില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ 150 റണ്‍സിലധികവും നേടിയ ബാറ്റ‍ര്‍മാരുടെ പട്ടികയെടുത്താല്‍, 148 വ‍ര്‍ഷത്തെ പാരമ്ബര്യത്തില്‍ ഓരേയൊരു പേരുമാത്രമെ കാണാൻ സാധിക്കു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ.

ഓസ്ട്രേലിയൻ ഇതിഹാസം അലൻ ബോ‍ര്‍ഡര്‍ പാക്കിസ്ഥാനെതിരെ രണ്ട് ഇന്നിങ്സിലും 150 റണ്‍സിലധികം സ്കോര്‍ ചെയ്തിരുന്നു, 45 വ‍ര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു ആ ഇന്നിങ്സുകള്‍ പിറന്നത്. അന്ന് ലാഹോറില്‍ 150, 153 എന്നിങ്ങനെയായിരുന്നു ബോര്‍ഡറുടെ സ്കോ‍ര്‍. ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും നേടിയവരുമുണ്ട്. ആ കഥകളെല്ലാം തിരുത്തുകയായിരുന്നു ഗില്‍.

ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഒരുങ്ങിയ ഇന്ത്യൻ ടീമിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പ്രധാന ചോദ്യം ബൗളിങ്ങിലെ പരിചയസമ്ബത്തിന്റെ കുറവ് ആയിരുന്നില്ല. ഗില്‍ എന്ന നായകന് ഇംഗ്ലണ്ടില്‍ ഇന്ത്യയെ എങ്ങനെ നയിക്കാനാകുമെന്നായിരുന്നു. അത് നായക മികവുകൊണ്ട് മാത്രമായിരുന്നില്ല, ബാറ്റുകൊണ്ടും. വിരാട് കോലിയെ പോലെ. തന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനം വർഷങ്ങള്‍ക്ക് മുൻപ് ഗില്‍ പൂ‍ര്‍ത്തിയാക്കുമ്ബോള്‍ ബാറ്റിങ് ശരാശരി കേവലം 14 മാത്രമായിരുന്നു. ഇതുതന്നെയായിരുന്നു ആശങ്കകളുടെ അടിസ്ഥാനവും.

പക്ഷേ, ഇത്തവണ പരമ്ബരയിലെ നാല് ഇന്നിങ്സുകള്‍ പൂ‍ര്‍ത്തിയാക്കിയപ്പോള്‍ ഗില്ലിന്റെ പേ‍ര്‍ക്ക് 585 റണ്‍സുണ്ട്, അതില്‍ മൂന്ന് സെഞ്ച്വറികള്‍. പരമ്ബരയിലെ ശരാശരി 146 ആയി മാറി. ഇംഗ്ലണ്ടിലെ ശരാശരി 67ലുമെത്തി. ഇന്ത്യൻ മൈതാനങ്ങളിലെ ഗില്ലിന്റെ ബാറ്റിങ് ശരാശരി 42 മാത്രമാണ്. നായകനെന്ന ഉത്തരവാദിത്തം ഗില്ലെന്ന താരത്തെ എത്രത്തോളം പക്വതയിലെത്തിച്ചുവെന്നതും ഈ പരമ്ബരയിലെ ഇന്നിങ്സുകള്‍ തെളിയിക്കുന്നു.

ടീമിലെ ഏറ്റവും പരിചയസമ്ബന്നനായ കെ എല്‍ രാഹുല്‍ ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിക്കണമെന്നായിരുന്നു പണ്ഡിതരുടെ നി‍ര്‍ദേശം. പക്ഷേ, ഗില്‍ ആ ഉത്തരവാദിത്തം പൂ‍ര്‍ണമായും ഏറ്റെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിരാട് കോലിയുടേയും രോഹിത് ശ‍ര്‍മയുടേയുമെല്ലാം അഭാവം തലക്കെട്ടുകളില്‍ ഇടംപിടിച്ചെങ്കില്‍ എഡ്ജ്ബാസ്റ്റണില്‍ നാലാം ദിനം കളിയവസാനിച്ചപ്പോള്‍ അത്തരം വാദങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു.

ഗില്ലിന്റെ കണ്‍ട്രോളിനെക്കുറിച്ചും എലഗൻസിനെക്കുറിച്ചുമൊന്നും ഇനി വര്‍ണിക്കേണ്ടതില്ല. ഇരട്ട സെഞ്ച്വറി ഇന്നിങ്സില്‍ അതെല്ലാം അടങ്ങിയിരിക്കുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കണ്‍ട്രോള്‍ഡായ ഇന്നിങ്സ്.

എങ്കിലും നാലാം ദിനത്തിലെ ആദ്യ സെഷനില്‍ നേടിയ ഒരു ബൗണ്ടറിയെക്കുറിച്ച്‌ പറഞ്ഞുപോകാതിരിക്കാനാകില്ല. ജോഷ് ടങ്ങിന്റെ ഫുള്‍ ലെങ്ത് കവറിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച ഷോട്ട്, ക്ലാസിക്ക് കവർ ഡ്രൈവ്. പന്ത് ബൗണ്ടറിയിലെത്തിയെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഗില്‍ തന്റെ ഫോളോ ത്രൂവിനൊരു ചലനം നല്‍കിയത് പോലും, സംബ്ലൈം എന്നൊക്കെ പറയാവുന്ന നിമിഷം. എഡ്ജ്ബാസ്റ്റണിലെ പ്രസിദ്ധമായ ഹോളീസ് സ്റ്റാൻഡില്‍ അണിനിരന്ന ഇംഗ്ലണ്ട് ആരാധകര്‍ പോലും ആശ്ചര്യപ്പെട്ടുപോയിരുന്ന ഗില്ലിന്റെ അനായാസതയ്ക്ക് മുന്നില്‍.

ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് ഗില്‍ ഒറ്റയ്ക്ക് മത്സരം തട്ടിയെടുത്തെന്ന് തന്നെ പറയാം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ആയിരത്തിലധികം റണ്‍സ് സ്കോ‍ര്‍ ചെയ്ത മത്സരം. അതില്‍ 42 ശതമാനവും സംഭാവന ചെയ്തത് ഗില്ലിന്റെ ബാറ്റായിരുന്നു. ഇന്ത്യയുടെ ലീഡ് 600 തൊട്ടതിന് പിന്നിലെ കാരണം ടെസ്റ്റില്‍ നിന്ന് ട്വന്റി 20 മോഡിലേക്ക് ഗില്‍ ചുവടുവെച്ചത് തന്നെയായിരുന്നു. ബാസ് ബോളിന് ഗില്‍ബോളുകൊണ്ട് ഇന്ത്യയുടെ മറുപടി.

ആദ്യ മത്സരം ജയിക്കാമായിരുന്നെങ്കിലും കൈവിട്ടു. രണ്ടാം മത്സരത്തില്‍ ലീഡ്സിലെ പിഴവുകളെല്ലാം തിരുത്താൻ ഗില്ലിനായി. ഇനി ലക്ഷ്യം ജയം മാത്രം, അത് സംഭവിച്ചാല്‍ ചരിത്രം. ചെറി ഓണ്‍ ദ കേക്ക് ഫോ‍ര്‍ ഗില്‍