സൗദിക്കും റഷ്യക്കുമിടയില്‍ സഞ്ചരിക്കാൻ വിസ വേണ്ട, കരാര്‍ ഉടൻ
റിയാദ്: സൗദി അറേബ്യക്കും റഷ്യക്കുമിടയില്‍ യാത്രാനടപടികള്‍ എളുപ്പമാക്കാൻ വിസാനിയമത്തില്‍ ഇളവുവരുത്താൻ ധാരണയായി.രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാനാവും വിധമാണ് ഇളവ് വരുത്തുന്നത്.
ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിൻ ഫർഹാൻ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർധിക്കുന്നുണ്ട്. വിസാനടപടിക്രമങ്ങളില്‍ ഇളവുവരുത്തുന്നത് പരസ്പരം യാത്രകള്‍ എളുപ്പമാക്കാനും ടൂറിസം വിനിമയം വർധിപ്പിക്കുന്നതിനും ഇരുജനതകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും സഹായിക്കും. ഇതിനായി നേരിട്ടുള്ള വിമാന സർവിസുകള്‍ ആരംഭിക്കും.
വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും താല്‍പ്പര്യം അമീർ ഫൈസല്‍ വെളിപ്പെടുത്തി. സാമ്ബത്തിക, വികസന, സാംസ്കാരിക സഹകരണത്തില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങള്‍ ഇരു രാജ്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. സംഘർഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കൂടിയാലോചനകള്‍ തുടരേണ്ടതിെൻറയും ക്രിയാത്മകമായ സംഭാഷണങ്ങള്‍ ശക്തമാക്കേണ്ടതിെൻറയും പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൃഷ്ടിപരമായ സമവായത്തിെൻറ നിലവാരത്തെ മന്ത്രി പ്രശംസിച്ചു. ഊർജ മേഖലയിലെ ആഗോള വെല്ലുവിളികളെ സംയുക്ത സഹകരണത്തിലൂടെ നേരിടുന്നതിന് ഊന്നല്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.