ദേശീയ പാത 66: പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി
മലപ്പുറം: ദേശീയ പാത 66 ൽ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്കിലും തേഞ്ഞിപ്പലം കോഹിനൂരിലും പുതിയ ഫൂട് ഓവർ ബ്രിജുകൾ സ്ഥാപിക്കുവാൻ ധാരണയായി. മലപ്പുറം ജില്ലാ കലക്ടറുടെ ചേമ്പറിൽ ജന പ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും സംയുക്ത അവലോകന യോഗത്തിലാണ് തീരുമാനം. പുതുതായി
സ്ഥലം ഏറ്റെടുക്കാതെ തന്നെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡിൻ്റെ ഇരു വശങ്ങളിലുമുള്ള
ഡ്രൈനേജ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഏകോപിച്ചു കൊണ്ട് ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകി. അസിസ്റ്റൻ്റ് കലക്ടറുടെ മേൽനോട്ടത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക.
ഡ്രൈനേജ് പ്രശ്നം പരിഹരിക്കുന്നതിന് ദേശീയ പാത അതോറിറ്റി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് 5 കോടി രൂപ നൽകാനും പദ്ധതിയുണ്ട്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. അബ്ദു സമദ് സമദാനി, എംഎൽഎമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.അബ്ദുൽഹമീദ് മാസ്റ്റർ, പ്രഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ മജീദ്, കുറുക്കോളി മൊയ്‌ദീൻ, നന്ദകുമാർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.