ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ റണ്‍സ്, ഗില്ലിന് മുന്നിലുള്ളത് ഒരാള്‍ മാത്രം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി 430 റണ്‍സാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ അടിച്ചെടുത്തത്.ആദ്യ ഇന്നിങ്സില്‍ 269 റണ്‍സ് നേടിയ ഗില്‍ രണ്ടാം ഇന്നിങ്സില്‍ 161 റണ്‍സും സംഭാവന ചെയ്തു. ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് ഇന്നിങ്സിലുമായി 400 റണ്‍സ് കടന്നത് അപൂർവ്വ താരങ്ങള്‍ക്ക് മാത്രമാണ്. ഇതില്‍ ഗില്ലിനേക്കാള്‍ കൂടുതല്‍ റണ്‍സെടുത്തത് ഇംഗ്ലണ്ട് മുൻ ഇതിഹാസ താരം ഗ്രഹാം ഗൂച്ച് മാത്രമാണ്. ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമായി 400 റണ്‍സ് നേട്ടം പിന്നിട്ട താരങ്ങളെ നോക്കാം.
1990ല്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഗൂച്ച് ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 333 റണ്‍സ് നേടിയ ഗൂച്ച് രണ്ടാം ഇന്നിങ്സില്‍ 123 റണ്‍സും നേടി. മത്സരത്തില്‍ രണ്ട് ഇന്നിങ്സിലുമായി ഗൂച്ചിന് 456 റണ്‍സ് നേടാനും സാധിച്ചു. ഓസ്ട്രേലിയൻ സൂപ്പർ താരം മാർക് ടെയ്ലർ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 1998ല്‍ പാകിസ്താനെതിരെ നടന്ന മത്സരത്തില്‍ മാർക് ടെയ്ലർ രണ്ട് ഇന്നിങ്സിലുമായി 426 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്സില്‍ പുറത്താകാതെ 334 റണ്‍സ് നേടിയ ടെയ്ലർ രണ്ടാം ഇന്നിങ്സില്‍ 92 റണ്‍സും അടിച്ചെടുത്തു.