ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; 22 ജീവനക്കാരെ യുഎഇ രക്ഷപ്പെടുത്തി
അബുദാബി: ചെങ്കടലില്‍ ബ്രിട്ടന്‍ ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. 22 പേരെ യുഎഇ രക്ഷപ്പെടുത്തി. എഡി പോര്‍ട്ട്‌സ് ഗ്രൂപ്പിന് കീഴിലുള്ള കപ്പലില്‍ നിന്നാണ് 22 ജീവനക്കാരെ യു.എ.ഇ രക്ഷപ്പെടുത്തിയത്.
വാണിജ്യ കപ്പലില്‍ നിന്ന് അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പ?ല്‍ കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. കപ്പലിലെ മുഴുവന്‍ ജീവനക്കാരേയും വിജയകരമായി രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപേറഷന്‍സ് അടക്കമുള്ള നാവിക സംവിധാനങ്ങളുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യെമനിലെ ഹൂതി വിമതരാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. യെമന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായാണ് ആക്രമണം. മേഖലയില്‍ കപ്പലുകള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും ആഫ്രിക്കന്‍ ഗ്രൂപ്പുകളുടെ കടല്‍ക്കൊള്ളയും ഉള്‍പ്പെടെ ചെങ്കടല്‍ മേഖല നിരവധി ഭീഷണികള്‍ നേരിടുന്നുണ്ട്. യെമനിലെ ഹൂതി വിമത സംഘം ചെങ്കടലില്‍ വീണ്ടും ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് കപ്പലിന് നേരെയുള്ള ആക്രമണം.