നിപ; പാലക്കാട്ടെ രോഗിയുടെ സമ്ബര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവൻ പേരുടെയും സാമ്ബിള്‍ ഫലം നെഗറ്റീവ്
പാലക്കാട്: നിപ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്ബിള്‍ പരിശോധന ഫലം നെഗറ്റീവ്.ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ ബാധിതയായ തച്ചനാട്ടുകര സ്വദേശിയായ 38കാരിയുടെ സമ്ബര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുട്ടിയുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്ബര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്ബിള്‍ പരിശോധന ഫലവും നെഗറ്റീവായി.
കഴിഞ്ഞ ദിവസം നിപ സമ്ബര്‍ക്കപ്പട്ടിക ആരോഗ്യമന്ത്രി വീണാജോര്‍ജ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ആകെ 461 പേരാണ് സമ്ബര്‍ക്ക പട്ടികയിലുളളത്. മലപ്പുറം-252, പാലക്കാട്-209 എന്നിങ്ങനെയാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്ബുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതിമാശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ യുവതിയുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം വെള്ളിയാഴ്ചയായിരുന്നു പുറത്തുവന്നത്. ഇതും പോസിറ്റീവായിരുന്നു. യുവതിയുടെ ആരോഗ്യനില മോശമായതിന് പിന്നാലെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം മലപ്പുറത്തും നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിനിയായ പതിനെട്ടുകാരിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 28നായിരുന്നു നിപ രോഗലക്ഷണങ്ങളോടെ പെണ്‍കുട്ടി മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ ഒന്നാം തീയതിയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നിപ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് പോസിറ്റീവായിരുന്നു.