Fincat

രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‌റ് ചാരുപാറ രവി അന്തരിച്ചു


തിരുവനന്തപുരം: രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‌റും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ ചാരുപാറ രവി അന്തരിച്ചു.77 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമിയുടെ തൊഴിലാളി സംഘടനയായ വോയ്‌സ് ഓഫ് മാതൃഭൂമി എംപ്ലോയീസിന്‌റെ തുടക്കം മുതലുള്ള പ്രസിഡന്‌റുമായിരുന്നു. പതിനെട്ടാം വയസ്സില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായാണ് രാഷ്ട്രീയ ജീവിതത്തിലെ അരങ്ങേറ്റം.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഐഎസ്‌ഒയുടെ ഭാരവാഹിയായിരുന്നു. 1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആര്യനാട് നിന്നും മത്സരിച്ചു. 1996ല്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ നിന്നും 2009ല്‍ നേമം നിയോജക മണ്ഡലത്തില്‍ നിന്നും അദ്ദേഹം നിയമസഭയിലേയ്ക്ക് മത്സരിച്ചു. 1990ല്‍ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം, 1999ല്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, 2012 മുതല്‍ 2016 വരെ കാംകോ ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചായം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, തൊളിക്കോട് ഗ്രാമപഞ്ചായത്തംഗം, ആറ് വര്‍ഷത്തോളം കിളിമാനൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചു. ആയുര്‍വേദ കോളേജ് വികസന കമ്മിറ്റി അംഗം, മെഡിക്കല്‍ കോളേജ് വികസന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എച്ച്‌എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജയപ്രകാശ് കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി, സോഷ്യലിസ്റ്റ് പത്രിക മാനേജിംഗ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴിലാളി നേതാവ് എന്ന നിലയില്‍ തോട്ടം തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങളും അദ്ദേഹം പരിഹരിച്ചിട്ടുണ്ട്.