ദേശീയ പണിമുടക്ക് തുടങ്ങി, അവശ്യ സര്‍വീസുകള്‍ക്ക് ഇളവ്; പണിമുടക്കില്‍ അറിയേണ്ടതെല്ലാം
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ചൊവ്വ രാത്രി പന്ത്രണ്ടിന് ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായേക്കും. വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
തൊഴിലാളികളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മോട്ടോര്‍ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് രാവിലെ പ്രകടനവും രാജ്ഭവനു മുന്നിലെ കൂട്ടായ്മയും നടക്കും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യും
സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പണിമുടക്ക് എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഡയസ്‌നോണ്‍ പ്രഖ്യാപനം. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പതിവു പോലെയെന്ന് ഗതാഗതമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും. ബസുകള്‍ നിരത്തിലിറക്കിയാല്‍ അപ്പോള്‍ കാണാമെന്നാണ് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ടിപി രാമകൃഷ്ണന്റെ മറുപടി
പോലീസ് സുരക്ഷയില്‍ കെഎസ്ആര്‍ടിസി
പണിമുടക്ക് ദിവസം സര്‍വീസുമായി മുന്നോട്ട് പോകാനാണ് കെഎസ്ആര്‍ടിസി തീരുമാനം. ഇതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും നിലവിലെ കെഎസ്ആര്‍ടിസി സര്‍വീസുകളെയും സമരം ബാധിച്ചേക്കും. സ്വകാര്യ ബസുകള്‍, ടാക്‌സി, ഓട്ടോ, സ്‌കൂളുകള്‍, ബാങ്ക്, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയവയെ എല്ലാം പണിമുടക്ക് ബാധിക്കാനാണ് സാധ്യത.
പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത് ഇവ
ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനം, പാല്‍ വിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കി. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും ഒഴിവാക്കി.
അധ്യാപകരും പണിമുടക്കില്‍
സ്‌കൂള്‍, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍ സ്‌കൂളുകളുകളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചേക്കും. കാലിക്കറ്റ്, കണ്ണൂര്‍, കേരള, എംജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പണിമുടക്കുന്നവരില്‍ ബാങ്ക് ജീവനക്കാരും ഉള്‍പ്പെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും.
പണിമുടക്കുന്ന മറ്റ് തൊഴിലാളികള്‍
റെയില്‍വേ, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, തപാല്‍, പ്രതിരോധം, ഖനി, നിര്‍മാണം, ഉരുക്ക്, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികള്‍, ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ഓട്ടോ – ടാക്സി ഡ്രൈവര്‍മാര്‍, ബീഡി തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.