Fincat

സൗദിയില്‍ സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ് ; ടിക്കറ്റ് വില്‍പനയില്‍ പുതിയ റെകോര്‍ഡ്; ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാല്‍

റിയാദ്: സൗദി സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ്. ടിക്കറ്റ് വിറ്റുവരവില്‍ പുതിയ റെക്കോര്‍ഡ്. ജൂണ്‍ 29 മുതല്‍ ജൂലൈ അഞ്ചു വരെ ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാല്‍ ആണെന്ന് ഫിലിം കമ്മീഷന്‍ വ്യക്തമാക്കി. 46 ചിത്രങ്ങള്‍ ഈ കാലയളവില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള സിനിമാശാലകളില്‍ പ്രദര്‍ശിപ്പിച്ചു. മൊത്തം 6,35,300 ടിക്കറ്റുകള്‍ വിറ്റഴിച്ചു. ഇത് രാജ്യത്ത് സിനിമാമേഖലയുടെ തുടര്‍ച്ചയായ വളര്‍ച്ചയെയാണ് കാണിക്കുന്നത്.

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് സൗദി കോമഡി ചിത്രമായ ‘അല്‍ സര്‍ഫ’ ആണ്. 90 ലക്ഷം റിയാല്‍ ആണ് ഈ ചിത്രം ടിക്കറ്റ് വില്‍പനയിലൂടെ നേടിയത്. 84 ലക്ഷം റിയാല്‍ കളക്ഷന്‍ നേടി ‘എഫ്1 ദി മൂവി’ ചിത്രം രണ്ടാം സ്ഥാനത്തെത്തി. 29 ലക്ഷം റിയാല്‍ ‘ഡേഞ്ചറസ് ആനിമല്‍സ്’ എന്ന ചിത്രവും നേടി. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട 10 ചിത്രങ്ങളില്‍ ‘ജുറാസിക് വേള്‍ഡ് (റീബര്‍ത്ത്)’, ‘ലിലോ ആന്‍ഡ് സ്റ്റിച്ച്’, ’28 ഇയേഴ്സ് ലേറ്റര്‍’, ‘ബാലെറിന’, ‘ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ്’, ‘റീസ്റ്റാര്‍ട്ട്’, ‘ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍’ എന്നീ ചിത്രങ്ങളും ഉള്‍പ്പെടുന്നു.