Fincat

നിലപാട് കടുപ്പിച്ച്‌ വൈസ് ചാൻസലര്‍; കേരള യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് കത്ത്


തിരുവനന്തപുരം: കേരള സ‍ർവ്വകലാശാലയിലെ വിവാദങ്ങളില്‍ നിലപാട് കടുപ്പിച്ച്‌ വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനില്‍കുമാറിന് വി സി കത്തയച്ചു.ഓഫീസ് കൈകാര്യം ചെയ്താല്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തില്‍ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അനില്‍കുമാറിന്റെ സസ്പെൻഷൻ തുടരുകയാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനധികൃതമായി ഓഫീസ് കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും കത്തില്‍ പറയുന്നു. ആവർത്തിച്ചാല്‍ കടുത്ത നടപടിക്ക് വിധേയനാകേണ്ടി വരുമെന്നും വിസി അനില്‍ കുമാറിന് താക്കീത് നല്‍കിയിട്ടുണ്ട്.

ഇതിനിടെ കേരള യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ നടത്തിയ സമരത്തിനെതിരെ വൈസ് ചാൻസലർ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സർവ്വകലാശാല വളപ്പിനും മന്ദിരത്തിനും നാശനഷ്ടം ഉണ്ടായിയെന്നും അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സർവകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം ഉപയോഗിച്ചതാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് നല്‍കുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വിസിക്ക് നിർദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.

ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. രജിസ്ട്രാർ കെ എസ് അനില്‍കുമാറിന്റെ സസ്‌പെൻഷൻ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച്‌ നടന്ന ചർച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിൻഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാറായി അനില്‍ കുമാർ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച്‌ താല്‍ക്കാലിക വി സി സിസ തോമസ് മിനി കാപ്പനെ പകരം രജിസ്ട്രാറായി നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് നിയമിച്ച രജിസ്ട്രാർ കെ എസ് അനില്‍കുമാറും വൈസ് ചാൻസലർ നിയോഗിച്ച രജിസ്ട്രാർ മിനി കാപ്പനും സർവകലാശാലയിലെത്തിയിരുന്നു.

ഗവർണറും വിസിയും സ‍ർവ്വകലാശാലയെ ആ‍ർഎസ്‌എസ് കേന്ദ്രമാക്കുന്നുവെന്ന് കുറ്റപ്പെടുത്തി എസ്‌എഫ്‌ഐ കേരള സ‍ർവ്വകലാശാലയിലേയ്ക്ക് ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ചില്‍ സംഘർഷം ഉണ്ടായിരുന്നു. പ്രവ‍ർത്തകർ പൊലീസ് വലയം ഭേദിച്ച്‌ ബലമായി സ‌‍‍ർവ്വകലാശാല ഓഫീസിനുള്ളില്‍ പ്രവേശിച്ചിരുന്നു. കേരള സർവ്വകലാശാലയിലെ പ്രതിഷേധത്തിൻ്റെ പേരില്‍ 27 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 1000 പേർക്ക് എതിരെയും കേസ് എടുത്തു. പൊതുമുതല്‍ നശിപ്പിച്ചു, പൊലീസുകാരെയും സർവകലാശാല ജീവനക്കാരെയും ദേഹോപദ്രവം എല്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മുഴുവൻ പേർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.