Fincat

ഒരു കഷണം ചീസിന് 36 ലക്ഷം രൂപ; ഗിന്നസ് റെക്കോര്‍ഡ്; എന്തുകൊണ്ട് ഇത്രയും വില?

2.3 കിലോഗ്രാം ചീസിന് 36 ലക്ഷം രൂപ. വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ? സംഭവം സത്യമാണ്. വടക്കന്‍ സ്‌പെയ്‌നിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ഒരു പീസ് ചീസ് വിറ്റുപോയത്. ലേലത്തില്‍ ഒരു പീസ് ചീസിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ കാബ്രലെസ് ചീസ് സ്വന്തമാക്കി. ചീസ് പ്രേമികളായ ആര്‍ക്കും ഈര്‍ കാബ്രലെസ് ചീസ് ഒന്ന് രുചിച്ച് നോക്കണം എന്ന് തോന്നിപ്പോകും.

വടക്ക് പടിഞ്ഞാറന്‍ സ്‌പെയ്‌നിലെ അസ്റ്റൂറിയസിലാണ് ലോകത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള ചീസിനായി വാശിയേറിയ ലേലം നടന്നത്. എയ്ഞ്ചല്‍ ഡയസ് ഹെറേറോ ഫാക്ടറിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഈ ചീസ് നിര്‍മിച്ച് ലേലത്തില്‍ വെച്ചത്.

ഇവിടെ 2019ല്‍ നടന്ന ചീസ് ലേലത്തില്‍ 20,500 യൂറോയാണ് കാബ്രലെസ് ചീസ് സ്വന്തമാക്കി റെക്കോര്‍ഡ് ഇട്ടത്. 2018ല്‍ കാബ്രലെസ് ചീസ് ലേലത്തില്‍ വിറ്റുപോയത് 2,474 യൂറോയ്ക്കും. ഇത് മൂന്നാം വട്ടമാണ് കാബ്രലെസ് ചീസ് ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ് എന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കുന്നത്.

എന്തുകൊണ്ട് കാബ്രലെസ് ചീസിന് ഇത്രയും വില?

സമുദ്ര നിരപ്പില്‍ നിന്ന് 1,500 മീറ്റര്‍ ഉയര്‍ന്ന് നില്‍ക്കുന്ന ലോസ് മാസോസ് ഗുഹയില്‍ 10 മാസത്തോളം എടുത്താണ് ഈ ചീസ് തയ്യാറാക്കിയത്. പശുവിന്റെ പാലില്‍ നിന്ന് തയ്യാറാക്കിയ ഈ ചീസ് ആണ് മറ്റ് 14 പ്രാദേശിക ചീസ് വിഭാഗങ്ങളെ പിന്നിലാക്കി ലേലത്തിന് യോഗ്യത നേടിയത്.

ആടിന്റെ പാലില്‍ നിന്നും ഈ ചീസ് നിര്‍മിക്കാറുണ്ട്. ചീസ് നിര്‍മാണത്തിന് യോഗ്യമായ തണുത്ത, അനുയോജ്യമായ അളവിലെ ഈര്‍പ്പമുള്ള ഗുഹയില്‍ വെച്ച് നിര്‍മിച്ചതിലൂടെ ഈ ചീസിന് വ്യത്യസ്തമായ രുചി ലഭിക്കുന്നു. സ്പാനിഷ് കാബ്രെലെസ് ബ്ലൂ ചീസ് നിര്‍മാണം അത്ര എളുപ്പമല്ല എന്ന് വ്യക്തം.

3,000 യൂറോയ്ക്കാണ് ലേലം ആരംഭിച്ചത്. പിന്നാലെ 40 റാപ്പിഡ് ഫയര്‍ ഓഫറുകള്‍ വന്നു. ഇവാന്‍ സുവാരസ് എന്ന റെസ്റ്റോറന്റ് ഉടമയാണ് ഒടുവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ് ലേലത്തിലൂടെ സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇദ്ദേഹം തന്നെയാണ് ലേലത്തില്‍ ഉയര്‍ന്ന തുകയ്ക്ക് ചീസ് സ്വന്തമാക്കുന്നത്.

കാബ്രലെസ് കോംപറ്റീഷന്‍ അതിന്റെ അഞ്ചാം ദശകത്തില്‍ എത്തി നില്‍ക്കുന്നു. വടക്കുപടിഞ്ഞാറന്‍ സ്‌പെയ്‌നിന്റെ ചീസ് നിര്‍മാണത്തിലെ വര്‍ഷങ്ങളുടെ പൈതൃകം പുതുതലമുറയിലേക്കും പകര്‍ത്തുന്നതാണ് മത്സരം.