7 ദിവസത്തേക്കുള്ള ഭക്ഷണം 70 മിനിറ്റുകൊണ്ട് തയ്യാറാക്കാം, വീഡിയോ പങ്കുവച്ച് യുവതി, വിമര്‍ശനങ്ങളും പിന്നാലെ
സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടി വരുന്നത് ഭക്ഷണം പാകം ചെയ്യാനും, അടുക്കളയും വീടും വൃത്തിയാക്കാനും ആയിരിക്കും. ജോലി ചെയ്യുന്ന, അമ്മമാരായ സ്ത്രീകളാണെങ്കില്‍ പറയുകയേ വേണ്ട. എപ്പോഴും തിരക്കും കഷ്ടപ്പാടും തന്നെ ആയിരിക്കും. അതിനെ മറികടക്കാനുള്ള വഴികളും സ്ത്രീകള്‍ തന്നെ ആലോചിച്ച് കണ്ടുപിടിക്കേണ്ടുന്ന അവസ്ഥയുമുണ്ട്.
എന്തായാലും, അങ്ങനെ ഒരു വഴി കണ്ടുപിടിച്ച് നടപ്പിലാക്കുന്നതിന്റെ പേരില്‍ അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരിയായ ഒരു യുവതി വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. സ്ത്രീവിരുദ്ധമായ കമന്റുക?ള്‍ക്ക് പിന്നാലെ കമന്റ് ബോക്‌സ് പോലും അവര്‍ പൂട്ടിയിട്ടിരിക്കയാണ്.
ഒരാഴ്ചയ്ക്കുള്ള ഭക്ഷണം എങ്ങനെയാണ് താന്‍ 70 മിനിറ്റിനുള്ളിലുണ്ടാക്കുന്നത് എന്നാണ് മാധവി എന്ന യുവതി തന്റെ ഇന്‍സ്റ്റ?ഗ്രാം വീഡിയോയില്‍ പറയുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഈ ഭക്ഷണം പിന്നീട് ചൂടാക്കി കഴിക്കുകയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്ന അമ്മമാരുടെ സമ്മര്‍ദ്ദങ്ങളെ കുറിച്ചും മാധവി തന്റെ വീഡിയോയുടെ കാപ്ഷനില്‍ സൂചിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെയും, തിരക്കുള്ള ജോലിക്കാരായ സ്ത്രീകളെയും, അമ്മമാരെയും ഒക്കെ ലക്ഷ്യമിട്ടാണ് മാധവി ഈ വീഡിയോ ചെയ്തിരിക്കുന്നത്.
പാകം ചെയ്യുന്നതിനേക്കാള്‍ പാടാണ് എന്ത് പാകം ചെയ്യുമെന്ന് ആലോചിക്കുന്നത് എന്നും മാധവി പറയുന്നു. ഇങ്ങനെ ഏഴ് ദിവസത്തെ ഭക്ഷണം ഒരുമിച്ച് പാകം ചെയ്യുന്നതിലൂടെ താന്‍ സമയം ലാഭിക്കുന്നു എന്നും മാധവി പറയുന്നുണ്ട്. വീഡിയോയില്‍ അവര്‍ വിവിധ വിഭവങ്ങള്‍ ഉണ്ടാക്കിയ ശേഷം അത് പാത്രങ്ങളില്‍ എടുത്ത് അടച്ച് വയ്ക്കുന്നത് കാണാം. പാലക് റൊട്ടി, പനീര്‍ കാത്തി റോള്‍, ദാല്‍ ഫ്രൈ, ആലു ഗോബി, വെജ് ലസാഗ്‌ന തുടങ്ങിയവയാണ് അവര്‍ ഉണ്ടാക്കുന്നത്.
എന്നാല്‍, വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധിപ്പേരാണ് മാധവിയെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്നത്. അവര്‍ക്ക് മടിയാണ്, എന്തുകൊണ്ട് കുടുംബത്തിന് വേണ്ടി ദിവസേന പാകം ചെയ്തുകൂടാ തുടങ്ങിയ തികച്ചും അപക്വമായ കമന്റുകളാണ് പലരും പറഞ്ഞതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്തായാലും, ഇതിനൊന്നും മറുപടി പറയാന്‍ തനിക്ക് നേരമില്ല എന്നാണ് മാധവിയുടെ പക്ഷം. അവര്‍ തന്റെ കമന്റ് ബോക്‌സ് തന്നെ അങ്ങ് പൂട്ടിക്കളഞ്ഞു. ഇത്തരം കാര്യങ്ങള്‍ വായിക്കാനോ അതിന് പ്രതികരിക്കാനോ തനിക്ക് താല്പര്യമില്ലാത്തതിനാലാണ് കമന്റുകള്‍ ഓഫ് ചെയ്തത് എന്ന് അവര്‍ പറയുന്നുണ്ട്.