Fincat

ഗോള്‍മഴയോടെ പിഎസ്ജി ഫൈനലില്‍ ; സൂപ്പര്‍ പോരാട്ടത്തില്‍ റയലിന് നാണം കെട്ട തോല്‍വി

ന്യൂജഴ്‌സി: ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഏകപക്ഷീയമായ നാല് ഗോളിനാണ് സ്പാനിഷ് വമ്പന്മാര്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളോട് തോറ്റത്. സ്പാനിഷ് താരം ഫാബിയന്‍ റൂയിസിന്റെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് തുണയായത്. ഉസ്മാനെ ഡെംബലെയും ഗോണ്‍സാലോ റാമോസും ഓരോ ഗോള്‍ വീതം നേടി.

മത്സരം ഉണരും മുമ്പേ ആറാം മിനിറ്റില്‍ റൂയിസിന്റെ കിടിലന്‍ ഗോളില്‍ റയല്‍ വിറച്ചു. ഞെട്ടല്‍ മാറും മുമ്പേ ഒമ്പതാം മിനിറ്റില്‍ ഡെംബലെയും ?സ്‌കോര്‍ ചെയ്തു. 24-ാം മിനിറ്റില്‍ റൂയിസ് വീണ്ടും വലകുലുക്കി. മത്സരം അവസാനിക്കാന്‍ ഒരുമിനിറ്റ് ശേഷിക്കെയാണ് റാമോസ് ?ഗോള്‍ നേടിയത്. മത്സരത്തില്‍ സമ്പൂര്‍ണമായ ആധിപത്യം പുലര്‍ത്തിയാണ് ഫ്രഞ്ച് വമ്പന്മാര്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. മത്സരത്തിന്റെ 69 ശതമാനം സമയവും പിഎസ്ജിയായിരുന്നു പന്ത് കൈവശം വെച്ചത്.

വെറും രണ്ട് ഷോട്ടുകള്‍ മാത്രമാണ് റയലിന് പോസ്റ്റിലേക്ക് തൊടുക്കാന്‍ സാധിച്ചത്. പ്രതിരോധ നിര അമ്പേ പരാജയപ്പെട്ടപ്പോള്‍ കിലിയന്‍ എംബാപെ നയിക്കുന്ന മുന്നേറ്റ നിരയും നിറംമങ്ങി. പിഎസ്ജിയില്‍ നിന്നാണ് എംബാപെ റയലില്‍ എത്തിയത്. സാബി അലന്‍സോയുടെ കീഴില്‍ കന്നിക്കിരീടത്തിനിറങ്ങിയ റയലിന് തോല്‍വി ഞെട്ടിക്കുന്നതായിരുന്നു. യലിനായി ലൂക്ക മോഡ്രിച്ചിന്റെ അവസാന മത്സരമായിരിക്കാം നടന്നത്. എസി മിലാനുമായി മോഡ്രിച്ച് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പിഎസ്ജിയും ചെല്‍സിയും ഏറ്റുമുട്ടും.