Fincat

മാലിന്യമുക്തം നവകേരളം: എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും

മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് എന്‍ഫോസ്മെന്റ് സ്‌കോഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ക്യാംപയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ജൂലൈ 15 മുതല്‍ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഇ മാലിന്യങ്ങള്‍ ശേഖരിക്കും. ആദ്യഘട്ടത്തില്‍ നഗരസഭകള്‍ കേന്ദ്രീകരിച്ചാണ് ഇ വേസ്റ്റ് ശേഖരിക്കുക. അടുത്ത ഘട്ടത്തില്‍ ഗ്രാമങ്ങളില്‍ നിന്ന് ഇ മാലിന്യം ശേഖരിക്കും. ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ സ്വന്തമായി ഇടമില്ലാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തി എം.സി.എഫുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും ക്യാംപയിന്‍ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. ഇത്തരത്തില്‍ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലയിലുണ്ട്.

സാനിറ്ററി വേസ്റ്റ് മാനേജ്മെന്റിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എഫുകളില്‍ സുരക്ഷയും അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണമെന്നും ക്യാംപയിന്‍ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ശുചിത്വമിഷന്‍, കുടുംബശ്രീ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍മാര്‍, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.