Fincat

കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി

 

കീമിന്റെ പുതിയ റാങ്ക് പട്ടികയിൽ, ഏറെ പിന്നിലായതോടെ കേരള സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത പ്രതിസന്ധി. പലർക്കും പ്രതീക്ഷിച്ച കോളേജുകളിലും പ്രോഗ്രാമുകളിലും അവസരം ലഭിക്കില്ല. രക്ഷിതാക്കളും കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. പുതുക്കിയ റാങ്ക് ലിസ്റ്റ് സ്വാഗതം ചെയ്ത സിബി എസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ വരും വര്‍ഷങ്ങളിലും ഈ രീതി തുടരണമെന്ന് ആവശ്യപ്പെട്ടു.

അലോട്ടമെന്റ് നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കോടതി ഉത്തരവുകളും റാങ്ക് ലിസ്റ്റിലെ അടിമുടി മാറ്റങ്ങളും പെരുവഴിലാക്കുമോയെന്ന കടുത്ത ആശങ്കയിലാണ് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍. റദ്ദാക്കിയ റാങ്ക് ലിസ്റ്റിലെ ആദ്യ പത്തില്‍ അഞ്ചു പേരും ആദ്യ നൂറില്‍ നാല്‍പത്തഞ്ച് പേരും കേരള സിലബസുകാര്‍ ആയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച ലിസ്റ്റിലെ ആദ്യ നൂറില്‍ ഉള്‍പ്പെട്ടത് കേരള സിലബസിലെ 21 പേര്‍ മാത്രം. റാങ്ക് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ബഹുദൂരം പിന്നോട്ട് പോയി. ആദ്യ പട്ടികയിൽ എട്ടാമതായിരുന്ന വിദ്യാർത്ഥി രണ്ടാം പട്ടികയിൽ 185ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നേരത്തെയുള്ള റാങ്ക് കണക്കുകൂട്ടി, പ്രതീക്ഷ വെച്ച കോളേജുകളും പ്രോഗ്രാമുകളും ലഭിക്കില്ലന്ന പ്രതിസന്ധിയിലാണ് വിദ്യാർത്ഥികൾ. രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. മാര്‍ക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെ കോടതിയെ സമീപിച്ച സിബിഎസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മുന്‍തൂക്കം ലഭിക്കുന്നതാണ് പുതുക്കിയ റാങ്ക് ലിസ്റ്റ്. അടുത്ത വര്‍ഷങ്ങളിലും ഇതേ രീതി തുടരണമെന്നാണ് സിബിഎസ് സി വിദ്യാര്‍ത്ഥികൾ ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 14 ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശം. ഇതിന് കൂടി സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളാകും.