ഇവര്‍ ഇനി ബിജെപിയുടെ പുതിയ മുഖം; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരന്‍ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. ഷോണ്‍ ജോര്‍ജും ആര്‍ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃനിരയിലേക്കെത്തുകയാണ്. പ്രഖ്യാപിച്ച പത്ത് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മുന്‍ ഡിജിപി ശ്രീലേഖയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജുമാണ്. സി കൃഷ്ണകുമാറിനും വൈസ് പ്രസിഡന്റ് പദവി നല്‍കി.
സംസ്ഥാന അധ്യക്ഷന്റെ ശൈലിക്ക് എതിരെ കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന്‍ പക്ഷം വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ദില്ലിയിലെത്തിയിരുന്നു. ഒരു വിഭാഗം നേതാക്കളുടെ നിലപാടില്‍ തനിക്കുള്ള കടുത്ത അതൃപ്തി ദേശീയ നേതൃത്വത്തെ രാജീവ് ധരിപ്പിച്ചിരുന്നു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ പൂര്‍ണ്ണ സഹകരണം പാര്‍ട്ടിയില്‍ കിട്ടുന്നില്ലെന്ന പരാതി അറിയിച്ചു. പിന്നാലാണ് മുരളി പക്ഷത്തെ വെട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.