സെക്യൂരിറ്റി ജീവനക്കാരന്റെ കസ്റ്റഡി മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 27കാരന്‍ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു.സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ജുഡീഷ്യല്‍ ഇടപെടലുണ്ടായി. കസ്റ്റഡിയില്‍ ക്രൂരമായ പീഡനത്തിന് അജിത് കുമാര്‍ ഇരയായെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്.
നികിത എന്ന സ്ത്രീ നല്‍കിയ ആഭരണ മോഷണ പരാതിയെ തുടര്‍ന്നാണ് അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. പിന്നീട് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന വിവരമാണ് പുറത്ത് വന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അജിതിന്റെ ശരീരത്തില്‍ നാലപതോളം പരുക്കുകളാണുള്ളത്. ഇത് പൊലീസ് ചോദ്യം ചെയ്യലിനിടെയുണ്ടായ ക്രൂരമായ പീഡനമാണെന്ന് ശരിവയ്ക്കുന്നതാണ്.
സെഷന്‍സ് ജഡ്ജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ അജിത് കുമാര്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് സ്ഥിരീകരിച്ചിരുന്നു. കോടതിയാണ് സിബിഐയോട് അന്വേഷണ സംഘത്തെ നിയോഗിച്ച് ആഗസ്റ്റ് 20നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചത്. ഇതുവരെ അഞ്ച് പൊലീസുകാരെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.