Fincat

രജിസ്ട്രാർ ഒപ്പിടുന്ന ഫയലിൽ തുടർ നടപടി വിലക്കി വിസി; അംഗീകരിക്കാതെ ഇ-ഫയലിങ് പ്രൊവൈഡർമാർ

കേരളാ യൂണിവേഴ്സിറ്റിയിൽ ഫയൽ യുദ്ധം. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ വിസി തുടർ നടപടി വിലക്കി. അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഇ- ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം.

ഡിജിറ്റൽ ഫയലിംങ് പൂർണമായി തന്‍റെ നിയന്ത്രണത്തിൽ വേണമെന്ന് ഇ-ഫയലിംഗ് പ്രൊവൈഡർമാരോട് വിസി ആവശ്യപ്പെട്ടു. എന്നാൽ വി സിയുടെ നിർദ്ദേശം ഇ-ഫയലിംഗ് പ്രൊവൈഡർമാർ അംഗീകരികരിച്ചില്ല. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന വിസിയുടെ നിർദ്ദേശം നടപ്പിലാക്കാൻ സർവ്വീസ് പ്രൊവൈഡർ വിസമ്മതിച്ചു.

 

ഇടത് സിൻഡിക്കേറ്റിന്‍റെ സമ്മ‍ർദ്ദത്തെത്തുടർന്നാണ് തീരുമാനമെന്നാണ് സൂചന.എല്ലാ നോഡൽ ഓഫീസർമാരുടെയും അധികാരം വിഛേദിക്കാനും സൂപ്പർ അഡ്മിൻ ആക്സെസ് വിസിക്ക് മാത്രം ആക്കണമെന്നുമുള്ള ആവശ്യവും നടപ്പിലാക്കിയില്ല. ടെക്നോ പാർക്കിലെ സ്വകാര്യ കമ്പനിയാണ് സർവ്വീസ് പ്രൊവൈഡർമാർ. കരാർ സർവ്വകലാശാലയുമായി ഒപ്പിട്ടത് കെൽട്രോൺ ആണെന്നും, അതിനാൽ കെൽട്രോണിന്‍റെ അനുമതി വേണമെന്നുമാണ് നിലപാട്.