ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ അടിമുടി ദുരൂഹത; അമ്മയുടെ മൊഴിയെടുക്കാനായില്ല
ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ അടിമുടി ദുരൂഹത. രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സാമൂഹ്യ മാധ്യമത്തില്‍ സുഹൃത്തുമൊത്ത് രാധിക വീഡിയോ പങ്കുവച്ചതും പിതാവുമായി തര്‍ക്കത്തിന് കാരണമായെന്നും സൂചനയുണ്ട്.
സമൂഹമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോയെ ചൊല്ലി കൊലപാതകം നടന്ന ദിവസം പിതാവും രാധികയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. എന്നാല്‍ മകളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം സുഹൃദ്ബന്ധമോ റീല്‍ ചിത്രീകരണമോ അല്ലെന്ന് പിതാവ് ദീപക് യാദവ് മൊഴി നല്‍കി. രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിര്‍ത്തിരുന്നു. മൂന്നു ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തുളഞ്ഞു കയറി. പൊലീസിന് മുന്നില്‍ ദീപക് കൊലപാതക കുറ്റം ഏറ്റുപറഞ്ഞു. എന്നാല്‍ സ്വന്തം മകളെ അതിക്രൂരമായി പിതാവ് കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
രാധിക നടത്തിയിരുന്ന ടെന്നിസ് അക്കാദമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴി. ഒപ്പം ഇയാള്‍ക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും അന്വേഷണ പരിധിയിലാണ്.കൂടാതെ മകളുടെ ചിലവിലാണ് താന്‍ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും ദീപക്കിന് രാധികയോടുള്ള വിദ്വേഷം വര്‍ദ്ധിപ്പിച്ചു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. ഇതും കൊലപാതകത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അമ്മയുടെ പിറന്നാള്‍ ദിവസം അമ്മയ്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛന്‍ ദീപക് യാദവ് വെടിവെച്ച് കൊന്ന്ത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.