കറാച്ചിയിലേക്ക് വിമാനം കയറി; എത്തിയത് സൗദി അറേബ്യയില്‍
ഇസ്ലാമാബാദ്: അബദ്ധത്തില്‍ വിമാനം മാറി കയറിയാല്‍ എന്തു സംഭവിക്കും. എല്ലാ പരിശോധനകളും കഴിഞ്ഞ ശേഷമാണ് വിമാനത്തില്‍ കയറുക എന്നതുകൊണ്ടുതന്നെ മാറി കയറാന്‍ സാധ്യത കുറവാണ്.
ബസിലും ട്രെയിനിലും മാറി കയറുന്നത് പോലെ അല്ല വിമാനത്തില്‍. അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങാം എന്ന ലാഘവത്തോടെ ഇരിക്കാനും പറ്റില്ല.
ഇവിടെ പാകിസ്താന്‍കാരനായ യുവാവാണ് വിമാന അധികൃതരുടെ വീഴ്ച കാരണം കുടുങ്ങിപ്പോയത്. ആഭ്യന്തര വിമാനം ലക്ഷ്യമിട്ട യുവാവ് കയറിയത് അന്താരാഷ്ട്ര വിമാനത്തില്‍. ഒടുവില്‍ എത്തിയത് സൗദി അറേബ്യയിലെ ജിദ്ദയിലും. പാസ്‌പോര്‍ട്ട്, വിസ എന്നിവ ഇല്ലാതെ എത്തിയ യുവാവ് കാരണം സൗദി അധികൃതരും അല്‍പ്പം നേരം പുലിവാല് പിടിച്ചു.
പാകിസ്താനിലെ സ്വകാര്യ വിമാന കമ്ബനിയായ എയര്‍ സിയാലിന്റെ വിമാന അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയാണ് എല്ലാത്തിനും കാരണം. കറാച്ചി സ്വദേശിയായ മാലിക് ഷഹ്‌സയ്ന്‍ അഹമ്മദ് ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വിമാനം കയറാനാണ് എത്തിയത്. എയര്‍ സിയാലിന്റെ പിഎഫ്-146 വിമാനത്തിലായിരുന്നു കയറേണ്ടിയിരുന്നത്.
എന്നാല്‍ എല്ലാ പരിശോധനകള്‍ക്കും ശേഷം യുവാവിനെ കയറ്റിയത് സൗദി അറേബ്യയിലേക്കുള്ള വിമാനത്തിലായിരുന്നു. യാത്ര പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം ഇറങ്ങാത്തത് അന്വേഷിച്ചപ്പോഴാണ് യുവാവിന് സംഭവം പിടികിട്ടിയത്. ഇനി ജിദ്ദയില്‍ ഇറങ്ങി മടങ്ങി നാട്ടിലേക്ക് വരികയേ രക്ഷയുണ്ടായുള്ളൂ.
പാസ്‌പോര്‍ട്ടും വിസയുമില്ലാതെ പുറപ്പെട്ട യാത്രികനാണ് അഹമ്മദ്. ജിദ്ദ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചതോടെ പുറത്തിറങ്ങരുത് എന്ന് അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സൗദി ഇമിഗ്രേഷന്‍ അധികൃതര്‍ ഇടപെടുകയും തിരിച്ച് കറാച്ചിയിലേക്ക് കയറ്റിവിടുകയുമായിരുന്നു. ഇതിനും അഹമ്മദിന് വലിയ തുക ചെലവ് വന്നു.
നാട്ടിലെത്തിയ അഹമ്മദ് അടങ്ങിയിരുന്നില്ല. വിമാന കമ്ബനിക്കെതിരെ നിയമ നടപടി സ്വീകരിക്കാര്‍ തീരുമാനിച്ചു. എയര്‍ സിയാലിന് വക്കീല്‍ നോട്ടീസ് അയച്ചു. തനിക്ക് മതിയായ നഷ്ടപരിഹാരം വേണമെന്നും പരസ്യമായി മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടു. എയര്‍ സിയാല്‍ അധികൃതര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗുരുതരമായ കൃത്യ വിലോപമാണ് വിമാന അധികൃതര്‍ ചെയ്തത് എന്ന് അഹമ്മദ് ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനകം അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഹമ്മദിന്റെ അഭിഭാഷകന്‍ മുഹമ്മദ് നവാസ് ദഹ്രി പറഞ്ഞു. സിന്ധ് ഉപഭോക്തൃ സംരക്ഷണ നിയമം, സിവില്‍ ഏവിയേഷന്‍ നിമയം, പാകിസ്താന്‍ ഇമിഗ്രേഷന്‍ ഓര്‍ഡിനന്‍സ്, അന്താരാഷ്ട്ര വിമാന യാത്ര കണ്‍വെന്‍ഷന്‍ എന്നിവയുടെ ലംഘനമാണ് നടന്നതെന്ന് അഹമ്മദിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
തനിക്ക് നേരിട്ട സംഭവം അഹമ്മദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ”ബോഡിങ് പാസ് എടുത്ത ശേഷമാണ് തന്നെ ജിദ്ദ വിമാനത്തില്‍ കയറ്റിയത്. ടിക്കറ്റ് പരിശോധിക്കുകയും ചെയ്തിരുന്നു. ഈ വേളയിലൊന്നും ഇത് രാജ്യാന്തര വിമാനമാണ് എന്ന് ജീവനക്കാര്‍ പറഞ്ഞില്ല. വിമാനം രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും നിലത്തിറങ്ങാത്തത് ചോദിച്ചപ്പോഴാണ് അവര്‍ കാര്യം പറയുന്നത്. രണ്ട് ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും” അഹമ്മദ് പറഞ്ഞു.