സൗദിയിൽ മയക്കുമരുന്ന് കടത്ത്: രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സൗദി തെക്കൻ പ്രവിശ്യയിലെ നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് വിദേശികളെ ശിക്ഷക്ക് വിധേയമാക്കിയത്. ഇത്യോപ്യന്‍ സ്വദേശികളായ ഖലീൽ ഖാസിം മുഹമ്മദ് ഉമര്‍, മുറാദ് യാക്കൂബ് ആദം സിയോ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഹാഷിഷ് കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരിൽനിന്ന് വൻതോതിൽ ഹാഷിഷ് പിടികൂടി. പ്രതികളുടെ ശിക്ഷ രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും വില്‍പ്പന നടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലഹരിയുടെ വിപത്തില്‍നിന്നും രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സുരക്ഷിതമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ ഉറപ്പ് വരുത്തുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. കേസിൻ്റെ തുടക്കത്തില്‍ തന്നെ പിടിയിലായ ഇരുവര്‍ക്കും കീഴ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. സമാനമായ കേസില്‍ കഴിഞ്ഞ മാസം എട്ട് പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.