Fincat

നന്മയുള്ളവന്‍ പ്രസന്നകുമാര്‍ ; മറന്നുവച്ച 18 പവന്‍ സ്വര്‍ണ്ണം ദമ്പതികള്‍ക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍

കൈയ്യിലുള്ള 18 പവന്‍ സ്വര്‍ണ്ണവുമായി കാരക്കാട്ടെ കല്യാണ വീട്ടിലേക്ക് പ്രസന്നകുമാര്‍ എത്തുമ്പോള്‍ മരണ വീടുപോലെ നിശബ്ദമായിരുന്നു അവിടം. ഓട്ടോ ഡ്രൈവര്‍ കൂടിയയായ പ്രസന്നകുമാറിനെ കണ്ടതും എല്ലാ മുഖങ്ങളിലും പുഞ്ചിരി തെളിഞ്ഞു ,ഒപ്പം പ്രസന്നകുമാറിനോടുള്ള നന്ദിയും.ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്ക് കല്യാണവീട് സാക്ഷിയായത്.

കാഞ്ഞിരംചിറ കാരക്കാട്ട് ജയിംസിന്റെ മകന്‍ ആല്‍ബര്‍ട്ടിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കൊല്ലം പള്ളിത്തോട്ടത്തുനിന്ന് നവദമ്പതിമാരായ അനീഷും നയനയും ആലപ്പുഴയിലെത്തുന്നത്.ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഇവര്‍ പ്രസന്നകുമാറിന്റെ ഓട്ടോയിലാണ് ജയിംസിന്റെ വീട്ടിലെത്തിയത്.ഓട്ടോ തിരികെ പോയശേഷമാണ് 18 പവന്റെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് വണ്ടിയില്‍ നിന്ന് എടുക്കാന്‍ മറന്നെന്ന് അനീഷും നയനയും തിരിച്ചറിയുന്നത്.വൈകാതെ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയും സിസിടിവി പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്താന്‍ ശ്രമവും തുടങ്ങി.

ഓട്ടം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ബാഗ് ശ്രദ്ധയില്‍പ്പെടുന്നത്.ഉടന്‍ തന്നെ കല്യാണവീട്ടിലെത്തി സ്വര്‍ണമടങ്ങിയ ബാഗ് നയനയെ ഏല്‍പ്പിക്കുകയായിരുന്നു.30 വര്‍ഷം ചെത്തുതൊഴിലാളിയായിരുന്ന പ്രസന്നകുമാര്‍ ഒരു വര്‍ഷം മുന്‍പാണ് സ്വന്തമായി ഓട്ടോറിക്ഷ വാങ്ങിയത്.