Fincat

6 മാസത്തില്‍ 40 കിഗ്രാം ഭാരം കുറച്ചു; വഴി സിംപിള്‍; പ്രചോദനം ഷാരൂഖ് ഖാൻ

ആറ് മാസം കൊണ്ട് 40 കിലോഗ്രാം ഭാരം കുറച്ചെന്ന വെളിപ്പെടുത്തലുമായി ഇൻസ്റ്റഗ്രാം, യൂട്യൂബ് ഇൻഫ്ളുവൻസറായ ആശിഷ് ചഞ്ചലാനി.

130 കിലോഗ്രാമില്‍ നിന്നാണ് ആശിഷ് തന്റെ ശരീര ഭാരം 90 കിലോഗ്രാമായി കുറച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചത് ഷാരൂഖ് ഖാന്റെ വാക്കുകള്‍ കേട്ടതോടെയണെന്നും ആശിഷ് ചഞ്ചലാനി പറഞ്ഞു. കഠിനമേറിയ ഡയറ്റ് ആയിരുന്നില്ല താൻ സ്വീകരിച്ചത് എന്നും ആശിഷ് വ്യക്തമാക്കുന്നു.

“ഷാരൂഖ് ഖാന്റെ സമീപത്തേക്ക് എത്തിയപ്പോള്‍ എന്റെ വയറില്‍ പിടിച്ച്‌ അദ്ദേഹം ദയവായി ശരീരഭാരം കുറയ്ക്കൂ എന്ന് പറഞ്ഞു. അതിലൂടെ ഉറപ്പായും നല്ല മാറ്റം അനുഭവപ്പെടും, അതില്‍ ഞാൻ ഗ്യാരന്റിയാണെന്നായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍. ഇന്ന് തന്നെ ജിമ്മില്‍ പോയി തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം,” ഇൻസ്റ്റഗ്രാം വിഡിയോയില്‍ ആശിഷ് പറഞ്ഞു.

“ഭക്ഷണം അമിതമായി കഴിക്കുക എന്നതാണ് പ്രധാന പ്രശ്നം. ശരീര ഭാരം കുറയ്ക്കാൻ ആലോചിക്കുമ്ബോള്‍ എനിക് 29 വയസായിരുന്നു. 30 വയസിലേക്ക് എത്തുമ്ബോഴേക്കും ശരീര ഭാരം മൂന്നക്കത്തില്‍ നിന്ന് രണ്ടക്കമായി കുറയ്ക്കും എന്ന് ഞാൻ ഉറപ്പിച്ചു. കഴിഞ്ഞ വർഷം ഞാൻ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഡിസംബർ എട്ടിനായിരുന്നു എന്റെ 30ാം ജന്മദിനം. അതിന് മുൻപ് രണ്ടക്കത്തിലേക്ക് ശരീര ഭാരം കുറയ്ക്കുമെന്ന് ഞാൻ എന്നോട് തന്നെ സത്യം ചെയ്തു.”

കലോറി കുറച്ചുകൊണ്ടുള്ള ഡയറ്റ് ആണ് ആശിഷ് പിന്തുടർന്നത്. 1800 കലോറി അടങ്ങിയ ഭക്ഷണം ഒരു ദിവസം കഴിച്ചു. ആശിഷിന്റെ ശരീരം ആവശ്യപ്പെടുന്നതിലും 1000 കലോറി കുറവാണ് ഇത്. “ശരീരം ആവശ്യപ്പെടുന്ന കലോറി എത്രയെന്ന് മനസിലാക്കുക. അതിനേക്കാള്‍ കുറവ് കലോറി അടങ്ങിയ ഭക്ഷണം കഴിക്കുക. ഇതോടെ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ശരീരം ഊർജത്തിനായി ഉപയോഗിക്കും,” ആശിഷ് പറഞ്ഞു.

ആശിഷിന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം ഏകദേശം ഇങ്ങനെ;

പ്രഭാതഭക്ഷണം: ആറ് പുഴുങ്ങിയ മുട്ട. അതല്ലെങ്കില്‍ ഫൈബർ ധാരളം അടങ്ങിയ മുളപ്പിച്ച ധാന്യങ്ങള്‍ക്കൊപ്പം ഒരു ഓംലെറ്റ്.

ഉച്ചഭക്ഷണം മൂന്ന് മണിയോടെ: ഒരു റൊട്ടിയും 200 ഗ്രാം ഗ്രില്‍ഡ് ചിക്കനും. ഇതിനൊപ്പം കുക്കുമ്ബർ, സെലറി ജ്യൂസും.

വൈകുന്നേരം ആറ് മണിയോടെ: വേയ് പ്രോട്ടീൻ ഷെയ്ക്ക്

രാത്രി ഭക്ഷണം എട്ട് മണിയോടെ: ഗ്രില്‍ഡ് ചിക്കൻ

ഡയറ്റ് അച്ചടക്കത്തോടെ പിന്തുടർന്നെങ്കിലും ഞായറാഴ്ചകളില്‍ ഗുലാബ് ജാമുൻ ഉള്‍പ്പെടെ മധുരവും ആശിഷ് കഴിച്ചിരുന്നു. കഠിനമേറിയ ഡയറ്റ് ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാനാവും എന്ന് വ്യക്തമാക്കുന്നതാണ് ആശിഷിന്റെ അനുഭവം.