Fincat

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി

തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജെഎസ്എസ് ചെയര്‍മാന്‍ കൂടിയായ പി വി അബ്ദുല്‍ വഹാബ് എംപിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊന്നാനി മുതല്‍ വള്ളിക്കുന്ന് വരെയുള്ള പത്ത് ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും പദ്ധതിയുടെ കീഴില്‍ വരും. നബാര്‍ഡിന്റെ പട്ടികവര്‍ഗ വികസന മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലയളവ്. തീരദേശ മേഖലയിലുള്ളവരുടെ തൊഴില്‍, നൈപുണ്യ വികസനം, സംരംഭം, പരമ്പരാഗത വ്യവസായ പ്രോത്സാഹനം, തീരമിടിച്ചല്‍ തടയുന്നതിനുള്ള നടപടികള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ പദ്ധതിയിലുള്‍പ്പെടും. പുതുതലമുറയില്‍ പെട്ടവര്‍ക്കുള്ള നൈപുണ്യ വികസനം പുത്തന്‍ തലമുറ കോഴ്സുകളില്‍ പരിശീലനം, സംരംഭകത്വ പരിശീലനം എന്നിവ നല്‍കും. ഇതോടൊപ്പം പരമ്പരാഗത തൊഴിലുകളിലും പരിശീലനം നല്‍കും.

ഇതു സംബന്ധിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പങ്കാളിത്ത പഠന പദ്ധതി നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. സ്റ്റാര്‍ട്ടപ് കമ്പനിയായ നയനീതി പോളിസി കളക്ടീവും തിരുവനന്തപുരം ആസ്ഥാനമായ സുസ്ഥിര ഫൗണ്ടേഷനുമാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്നത്. ഓഗസ്റ്റ് 15നകം പഠനം പൂര്‍ത്തിയാക്കി പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അഡ്വ. യു.എ ലത്തീഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ്, അംഗം വികെഎം ഷാഫി, ജെഎസ്എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ, വിവിധ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.